കുവൈത്ത് വിപണിയിലെ വില നിലവാരം പരിശോക്കുന്നതിന് വാണിജ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. റമസാൻ പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് കൃത്രിമക്ഷാമവും വിലക്കയറ്റവും ഉണ്ടാക്കുന്നതും നിരീക്ഷിക്കും.
വിപണിയിൽ എല്ലായിടത്തും നിരീക്ഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. കോ-ഓപ്പറേറ്റീവ് സ്റ്റോറുകൾ, മാളുകൾ തുടങ്ങി എല്ലാ കച്ചവട സ്ഥാപനങ്ങളും നിരീക്ഷണ വിധേയമാക്കും. പരാതികൾ സ്വീകരിക്കാൻ മന്ത്രാലയത്തിൽ 135 എന്ന ഹോട്ട്‌ലൈൻ നമ്പര്‍ ഏര്‍പെടുത്തി. റമസാന് മുന്നോടിയായി രാജ്യാന്തര പ്രദർശന നഗരിയിൽ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിൽപനയും ആരംഭിച്ചു. ഈ മാസം 15 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് പുറമെ ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്. കുവൈത്ത് ഇൻറർനാഷണൽ എക്സിബിഷൻ കമ്പനിയാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. റമസാൻ പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ആദായ വില്‍പനയുടെ മേൽനോട്ടത്തിനും ലൈസൻസ് നൽകുന്നതിനും മന്ത്രാലയത്തിലെ ചില വകുപ്പുകൾ രണ്ടു മുതൽ നാലു മണി വരെ പ്രവർത്തിക്കുമെന്നും അറിയിച്ചു.