യുഎഇയ്ക്ക് പിറകെ ബഹ്റൈനും വിദേശ നിക്ഷേപകര്‍ക്ക് പത്തു വര്‍ഷത്തെ വീസ നല്‍കാന്‍ ആലോചിക്കുന്നു. സ്വന്തം സ്പോര്‍സര്‍ഷിപ്പില്‍ രാജ്യത്ത് താമസിച്ച് ബിസിനസ് ചെയ്യാമെന്നതാണ് പ്രത്യേകത.
ബഹ്റൈനിലെ നിക്ഷേപ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പുതിയ നീക്കം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയ്ക്ക് നിര്‍ദേശം നല്‍കി. സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ നല്‍കുന്ന പത്തു വര്‍ഷത്തെ വീസ പുതുക്കാനും അനുമതിയുണ്ട്. പുതിയ തീരുമാനത്തോടെ ലോക നിക്ഷേപകരെ ബഹ്റൈനിലേക്ക് ആകര്‍ഷിക്കാമെന്നാണ് കണക്കുകൂട്ടുല്‍. എണ്ണ വിലയിടിവ് മൂലം രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാന്‍ പുതിയ തീരുമാനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വന്‍കിട നിക്ഷേപകർക്കും വിദഗ്ദർക്കും പത്തു വര്‍ഷത്തെ വീസ നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച യുഎഇ പ്രഖ്യാപിച്ചിരുന്നു. വ്യവസായ ലോകത്തുനിന്ന് വന്‍ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.