മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി രംഗത്ത്. വ്യക്തമായ രാഷ്ട്രീയ അജൻഡയുള്ളവരാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി. കടുത്ത തീരുമാനങ്ങളിൽനിന്ന് ഒളിച്ചോടുന്നതല്ല നരേന്ദ്ര മോദി സർക്കാരിന്റെ ശൈലി. യുപിഎ സർക്കാരുകളുടെ കാലത്ത് നിലനിന്നിരുന്ന നയവൈകല്യങ്ങൾ പരിഹരിക്കാൻ സാധിച്ചത് ഇത്തരമൊരു നിലപാടുകൊണ്ടാണെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു.
ന്യൂഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ ജയ്റ്റ്‍ലി ശക്തിയുക്തം പ്രതിരോധിച്ചത്. വിദേശത്ത് പണം സൂക്ഷിച്ചിരുന്ന ഇന്ത്യക്കാർക്ക് എല്ലാ ഇടപാടുകളും സുതാര്യമാക്കാൻ സർക്കാർ തന്നെ അവസരം നൽകിയ കാര്യവും ജയ്റ്റ്‍ലി അനുസ്മരിച്ചു.
നോട്ട് അസാധുവാക്കൽ നടപടിയും ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനവും രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു. ഇന്ത്യയിൽ മൊത്തം ഒരേയൊരു നികുതിയെന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നുവെന്നും ജയ്റ്റ്‍ലി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തിൽതന്നെ നികുതി സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ഏതാനും മാസത്തോടെ വരുമാനം കുതിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്നും ജയ്റ്റ്‍ലി പറഞ്ഞു.
ചില കോൺഗ്രസ് നേതാക്കൾ ജിഎസ്ടിയെ ഇപ്പോഴും എതിർക്കുന്നുണ്ടെങ്കിലും, മിക്ക സംസ്ഥാന സർക്കാരുകളും ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും ജയ്റ്റ്‌ലി പറഞ്ഞു. അതേസമയം, ഇത്തരം സംവിധാനങ്ങൾ നടപ്പാക്കുമ്പോൾ ചില പരാതികളും എതിർപ്പുകളും സ്വാഭാവികമാണെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു.
യശ്വന്ത് സിൻഹയുടെ വിമർശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജയ്റ്റ്‍ലിയുടെ മറുപടി ഇങ്ങനെ: മുൻ ധനകാര്യമന്ത്രി എന്ന നിലയിൽ കാര്യങ്ങളെ വിലയിരുത്താനുള്ള അവസരം എനിക്കിനിയും ലഭിച്ചിട്ടില്ല. ധനകാര്യമന്ത്രി എന്ന നിലയിൽനിന്ന് പത്രങ്ങളിലെ കോളമെഴുത്തുകാരനാകാനുള്ള ‘ഭാഗ്യ’വും തനിക്കു ലഭിച്ചിട്ടില്ലെന്ന് ജയ്റ്റ്‍ലി പരിഹാസരൂപേണ വ്യക്തമാക്കി.