ഗുജറാത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി പട്ടേൽ സമുദായനേതാവ് നരേന്ദ്രപട്ടേല്‍ വീണ്ടും രംഗത്ത്. പാർട്ടിയിൽ ചേരാൻ ബിജെപിനേതാവ് വരുൺ പട്ടേൽ ഒരുകോടിരൂപ വാഗ്ദാനം ചെയ്യുന്ന ഫോൺ സംഭാഷണമാണ് നരേന്ദ്രപട്ടേൽ പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പ് അടുക്കുംതോറും ഗുജറാത്തിലെ ഒരുവിഭാഗം പട്ടേൽ സമുദായനേതാക്കളും ബിജെപിയും തമ്മിലുള്ള പോര് വർധിക്കുകയാണ്. പണംനൽകി നേതാക്കളെയും അണികളെയും കൂടെകൂട്ടുന്നു എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ നരേന്ദ്രപട്ടേൽ പുറത്തുവിട്ടത്. നരേന്ദ്രപട്ടേലിനോട് പാർട്ടിയിൽ ചേർന്നാൽ ഒരു കോടി രൂപ നല്‍കാമെന്ന്, ഫോണ്‍സംഭാഷണത്തിനിടെ ബിജെപിനേതാവ് വരുൺ പട്ടേൽ പറയുന്നു. ഇരുവരും സംസാരിച്ച അന്നേദിവസം, നാല്‍പത് ശതമാനവും, പിന്നെ അറുപത് ശതമാനംതുകയും നൽകാമെന്നും സംഭാഷണത്തിലുണ്ട്. ആദ്യഗഡു കൈപ്പറ്റിയ ശേഷം ഉടൻ മാധ്യമങ്ങളെകണ്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കണമെന്നും, പട്ടേലിനോട് നിര്‍ദേശിക്കുന്നു
നേരത്തെ, ബിജെപി നൽകിയതെന്ന് അവകാശപ്പെട്ട പത്തുലക്ഷം രൂപ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് നരേന്ദ്രപട്ടേൽ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ, ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി വെല്ലുവിളിച്ചപ്പോഴാണ് പണം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടത്. മുപ്പതുവര്‍ഷമായി ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായം ഇത്തവണ ഇടഞ്ഞുനില്‍കുന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്ന ഘടകമാണ്.