തമിഴ്നാട്ടില്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കും. മന്ത്രിമാരോട് നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചെന്നൈ അടക്കമുള്ള തമിഴ്നാടിന്‍റെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പ്രഫഷണല്‍ കോളജുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതിനോടൊപ്പം യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെച്ചു
·
ചെന്നൈയിലടക്കം മഴ തുടരുന്നത് വലിയ വെള്ളക്കെട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്. പലയിടങ്ങളിലും വീടുകളും കടകളും വെള്ളത്തിനടിയിലായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണ സമിതികള്‍ ഇല്ലാത്തത് രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ അത് വലിയ ആശങ്കയ്ക്ക് വഴിവെക്കും. നൂറ്റി പതിനഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരോടും ഐ.എ.എസ് ഉദ്യോഗസ്ഥരോടും മുന്‍കരുതലുകള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ചെന്നൈ കൂടാതെ കാഞ്ചീപുരം, തിരുവള്ളൂര്‍ തുടങ്ങി തീരദേശ ജില്ലകളിലെല്ലാം വ്യാപക മഴയാണ്. സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. മധുരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. തടയണകള്‍ പൊട്ടി പലയിടങ്ങളിലും കൃഷിഭൂമി വെള്ളത്തിലായി. വടക്കുകിഴക്കന്‍ കാലവര്‍ഷം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണ് ഓട നവീകരണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത് എന്നതിനാല്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.