dawood-ibrahim-with-children-moin

അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിൻറെ മകൻ മോയിൻ നവാസ് മതപണ്ഡിതനാകുന്നുവെന്ന് സൂചന. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ദാവൂദിൻറെ സഹോദരൻ ഇക്ബാൽ കസ്കർ അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൻറെ വ്യവസായ സമ്രാജ്യം നോക്കി നടത്താനുള്ള അടുത്ത അവകാശി, പൗരോഹിത്യവഴിയിലേക്ക് തിരിഞ്ഞതിൽ ദാവൂദ് കടുത്ത മനോവിഷമത്തിലാണന്നും കസ്കർ വെളിപ്പെടുത്തിയെന്നാണ് വിവരം.

 

ഇക്ബാൽ കസ്കറിൻറെ കേസ് അന്വേഷിക്കുന്ന താനെയിലെ അന്വേഷണസംഘത്തലവൻ പ്രദീപ് ശർമ്മയാണ് ഈ വിവരങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞത്. ബിസിനസിൻറെയോ സമ്പത്തിൻറെയോ, പിന്നാലെ പോകാതെ പൂർണമായും മതപ്രബോധകനാവുകയാണ് മോയിൻ നവാസ്. ദാവൂദ് കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്ന ഇയാൾ കറാച്ചിയിലെ ആഡംബര ജീവിതം ഉപേക്ഷിച്ചു കഴിഞ്ഞതായും പറയുന്നു. നവാസിനൊപ്പം ഭാര്യയും മൂന്നു മക്കളുമുണ്ടന്നും പിതാവിൻറെ മുൻകാല പ്രവർത്തികളോടും നിയമവിരുദ്ധ പ്രവർത്തനങ്ങളോടും നവാസിന് എതിർപ്പാണെന്നും കസ്കർ പറഞ്ഞിട്ടുണ്ട്.

 

എന്നാൽ, മകൻറെ പൗരോഹിത്യത്തെക്കാളുപരി, താൻ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം ആരു നോക്കിനടത്തുമെന്ന ആശങ്കയിലാണ് ദാവൂദെന്നാണ് കസ്കർ പറയുന്നത്. അടുത്ത വിശ്വസ്തരായ ബന്ധുക്കളും ഒപ്പമില്ലാത്തതിനാൽ അവകാശികളില്ലാതെ സാമ്രാജ്യം തകരുമെന്ന മനോവിഷമവും ദാവൂദിനെ അലട്ടുന്നതായി കസ്‍കർ വെളിപ്പെടുത്തി. 

 

അതേസമയം, ഇക്കാര്യത്തിൽ കസ്കറിൻറെ മൊഴിയല്ലാതെ മറ്റൊരു തെളിവുകളും ലഭ്യമല്ല. അതിനാൽ മോയിന്‍ നവാസിൻറെ പൗരോഹിത്യം പൂർണമായി സ്ഥിരീകരിക്കാന്‍ ആവില്ലെന്നും അന്വേഷണസംഘം പറയുന്നു.