wedding

പുലിവാൽ കല്ല്യാണം എന്നു പറഞ്ഞാൽ ഇതാണ്. ലക്നൗവിൽ നടന്ന ഇൗ കല്ല്യാണത്തെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. കഥ അറിയാതെ ആട്ടം കാണുന്നവരുടെ അവസ്ഥയിലായി നാട്ടുകാരും ബന്ധുക്കളും. പുലിവാല് പിടിച്ചതാകട്ടെ പൊലീസും. രണ്ടു പെൺകുട്ടികൾ തമ്മിൽ വിവാഹം കഴിച്ചാൽ എങ്ങനെയിരിക്കും. ഉത്തർപ്രദേശിലാണ് ഇൗ കൗതുകസംഭവം.

ഇരുപത് വയസുള്ള ഇരുവരും വേർപിരിയാൻ ആകാത്ത വിധം സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിച്ച് രണ്ടു വീടുകളിലേക്ക് പേകേണ്ട അവസ്ഥ വരും എന്നതായതോടെ ഇരുവരും എടുത്ത തീരുമാനമാണ് ഇൗ പുലിവാലുകൾക്കൊക്കെ കാരണം. സമൂഹവിവാഹമാണ് ഇരുവരും ലക്ഷ്യമിട്ടത്. കൂട്ടുകാരിയെ പിരിയാതിരിക്കാൻ ഒരാൾ ആൺവേഷം കെട്ടി. ആർക്കും സംശയത്തിനിടവരുത്താതെയാണ് ഇരുവരും നീങ്ങിയത്. വ്യാജ െഎഡൻറ്റിറ്റി കാർഡും സംഘടിപ്പിച്ച് സമൂഹവിവാഹത്തിന് റജിസ്റ്റർ ചെയ്തു. കാർത്തിക് ശുക്ല എന്നാണ് പേര് സ്വീകരിച്ചത്.  വിശ്വസ്തതയ്ക്കായി ഇരുവരും വാടകയ്ക്ക്  മാതാപിതാക്കളെ വരെ രംഗത്തിറക്കി. അങ്ങനെ അണിയറയിലെ നാടകങ്ങൾ മറ്റാരും അറിയാതെ  ഇൗ കൂട്ടുകാരികൾ വിവാഹിതരായി. പക്ഷേ സത്യം പുറത്തുവരാൻ നാളുകൾ ഒരുപാട് വേണ്ടിവന്നില്ല. ഒരാഴ്ചക്കുള്ളിൽ തന്നെ സത്യം നാട്ടുകാരും വീട്ടുകാരും എല്ലാവരും അറിഞ്ഞു.

കല്ല്യാണ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഗതി പുറത്തായത്. വധുവിന്റെ വീട്ടിൽ തന്നെയായിരുന്നു ഇരുവരും താമസിച്ച് വന്നതും.  കല്ല്യാണം കഴിച്ചത് പുരുഷനല്ല സ്ത്രീയാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാർ പ്രകോപിതരായി. വരനായി വേഷമിട്ട പെൺകുട്ടിയെ കയ്യേറ്റം ചെയ്യുന്ന തരത്തിൽ വിഷയം വഷളായി. ഇതു കണ്ട് നിൽക്കാനാകാതെ വധു വീടിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാര പരുക്കുകളോടെ അവൾ ആശുപത്രിയിലായി. സംഭവം അവിടെയും അവസാനിച്ചില്ല.

വരനായി വേഷമിട്ട് കുടുംബത്തെ കബളിപ്പിച്ചു എന്ന് വധുവിന്റെ വീട്ടുകാർ പരാതി നൽകിയോടെ സംഭവം ശ്രദ്ധനേടി. അങ്ങനെ സംഭവം നിയമത്തിന്റെ വഴിക്ക്. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ കേസെടുക്കുന്നതെങ്ങനെയെന്നാണ് പൊലീസ് ചോദിക്കുന്നത്.  ഐപിസി 377 പ്രകാരം സ്വവര്‍ഗരതി രാജ്യത്ത്  നിയമവിരുദ്ധമാണ്. എന്നാല്‍ ഈ നിയമ പ്രകാരം ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചോ ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ചോ പ്രതിപാദിച്ചിട്ടില്ല. 2017ല്‍ സ്വകാര്യത മൗലികാവകാശമായി സുപ്രീംകോടതി വിധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസെടുക്കുന്നതിനും  തടസമുണ്ട്. ഇതോടെ പ്രശ്നത്തിൽ പൊലീസും പുലിവാല് പിടിച്ചു. ഏതായാലും ഇൗ കൂട്ടുകാരികൾ രാജ്യത്ത് പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.