ajay-pal-lamba

TAGS

സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി, കരുത്തനായ വില്ലനെ പൊലീസുകാരനായ നായകൻ അറസ്റ്റ് ചെയ്യുന്നത് സിനിമകളിൽ മാത്രമേ കാണാനാകൂ. കാക്കിയുടെ ശക്തി ഉപയോഗിക്കുന്ന പൊലീസുകാർ ഡിപ്പാർട്ടുമെന്റിൽ നന്നെ കുറവ്. സിനിമകളിലെ നായകനായ പൊലീസ് ഓഫിസറെ വെല്ലുന്ന ധൈര്യവുമായി അന്ന് നടന്നുനീങ്ങിയ ആ ചുണക്കുട്ടൻ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ഇതാ താരമാകുകയാണ്.  

 

അജയ് പാൽ ലാംബ. ലൈംഗിക പീഡനക്കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിനെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ കയറി അറസ്റ്റ് ചെയ്ത വീരൻ. കേസിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ തന്റെ നിലപാടിൽ ഉറച്ചു നിന്ന സിംഹം. 2013 ഓഗസ്റ്റ് 20 നായിരുന്നു വിവാദമായ കേസ് ലാംബ ഏറ്റെടുക്കുന്നത്. അന്ന് ജോധ്പൂർ വെസ്റ്റ് ഡിസിപിയായിരുന്നു അദ്ദേഹം.  

 

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പിന്നീടുള്ള ഓരോ നിമിഷങ്ങളും. സാക്ഷികൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും തുടർച്ചയായി ഭീഷണി നേരിടേണ്ടി വന്നു. സാക്ഷികളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീഷണികൾ എത്തുന്നത് അസാറാം ബാപ്പുവിന്റെ ആശ്രമത്തിലെ അനുയായികളിൽ നിന്ന്. ലാംബയ്ക്കും നേരിടേണ്ടി വന്നു തുടർച്ചയായ ഭീഷണികൾ. കുടുംബമടക്കം ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. മൊബൈൽ ഫോണിന് വിശ്രമമില്ലാത്ത ദിനങ്ങൾ. പിന്നെ ഫോണുകൾ എടുക്കാതെയായി. ഭാര്യ വീടിനു പുറത്തിറങ്ങാതായി. മകളെ സ്കൂളിൽ അയക്കുന്നത് നിർത്തി. രണ്ടായിരത്തോളം ഭീഷണിക്കത്തുകളും നൂറു കണകക്കിനു ഫോൺ കോളുകളുമാണ് ലാംബയെ തേടിയെത്തിയത്. ബാപ്പുവിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ജീവനോടെയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. 

 

ഇതിനിടെ സാക്ഷികളെ വധിച്ച കേസിൽ പിടിയിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ കൂടുതൽ ഞെട്ടലുണ്ടാക്കി. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ചഞ്ചൽ മിശ്രയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. താമസം ഉദയ്പൂരിലേക്കു മാറിയതോടെ ഭീഷണികൾക്കു ശമനമുണ്ടായി. കടുത്ത രാഷ്ട്രീയ സമ്മർദ്ദവും നേരിടേണ്ടി വന്നു. പ്രതിസന്ധികൾക്കിടെയിലും മാധ്യമങ്ങൾ നൽകിയ പിന്തുണ ലാംബ നന്ദിയോടെ സ്മരിക്കുന്നു. 

 

സമൻസ് നൽകാൻ പോയപ്പോൾ വൻ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.എണ്ണായിരത്തോളം വരുന്ന അനുയായികളെ ഉപയോഗിച്ച് അസാറാം ബാപ്പു പ്രതിരോധിക്കാൻ ശ്രമിച്ചു. പൊലീസ് സംയമനം പാലിച്ചു. രംഗം വഷളാകാതിരിക്കാൻ ഏറെ ബുദ്ധിമുട്ടി. പത്തു മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് സമൻസ് അദ്ദേഹത്തിനെത്തിക്കാൻ സാധിച്ചത്.ഓഗസ്റ്റ് 30. അന്നായിരുന്നു ജോധ്പൂരിൽ നിന്നെത്തിയ പൊലീസ് അസാറാം ബാപ്പുവിന്റെ മധ്യപ്രദേശിലെ ആശ്രമത്തിൽ കടന്ന് അദ്ദേഹത്തെ വിലങ്ങണിയിക്കുന്നത്.  2005 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് ലാംബ. 

 

സത്യം ജയിച്ചെന്നായിരുന്നു കോടതി വിധിയോടു ലാംബയുടെ പ്രതികരണം. നിയമം പക്ഷപാതരഹിതമായി പ്രവർത്തിച്ചാൽ സമൂഹത്തിലെ എത്ര ഉന്നതനായ വ്യക്തിയായാലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

 

ആൾദൈവം അഴിക്കുള്ളിൽ

 

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവാദസന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം. രണ്ടു സഹായികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി വിധിച്ചു. ലൈംഗിക പീഡനക്കേസില്‍ അസാറാം ബാപ്പു കുറ്റക്കാരനെന്ന വിധി രാവിലെ പുറത്തുവന്നിരുന്നു.  രണ്ടുപേരെ വെറുതെവിട്ടു. പതിനാറുകാരിയെ ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് നിര്‍ണായക വിധി.

 

അനുയായികള്‍ കലാപമുണ്ടാക്കിയേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് ജയിലിന് സമീപത്തെ കോടതിമുറിയിലാണ് വിധി പ്രസ്താവിച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനടക്കം നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

 

2013 ഓഗസ്റ്റ് 15 ന് ജോധ്പൂരിലെ മനൈയ് ഗ്രാമത്തിലെ ആശ്രമത്തില്‍ 16 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് പ്രത്യേക എസ്.ഇ, എസ്.ടി കോടതി ശിക്ഷ വിധിച്ചത്. മധ്യപ്രദേശ് ചിന്ദ്‍വാരയിലെ ആശ്രമത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് പിശാച് ബാധയുണ്ടെന്ന സംശയത്തെതുടര്‍ന്ന് മാതാപിതാക്കളാണ് അസാറാം ബാപ്പുവിന്‍റ അടുത്ത് എത്തിക്കുന്നത്. പൂജയുടെ ഭാഗമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു കുറ്റപത്രം.  

 

കേസില്‍ വിചാരണ നടത്തിയ ജഡ്ജിയേയും സാക്ഷികളേയും പെണ്‍കുട്ടിയുടെ കുടുംബത്തേയും അസാറാമിന്‍റെ  അനുയായികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കിടെ 2013 സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ അസാറാം ബാപ്പുവിനെ ജോധ്പൂര്‍ സെന്‍റ്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.  അനുയായികള്‍ കലാപമുണ്ടാക്കിയേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

ജോധ്പൂരില്‍ ഈ മാസം മുപ്പത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തിലെ രണ്ട് സഹോദരിമാരെ മാനഭംഗപ്പെടുത്തിയ കേസില്‍ അസാറാം ബാപ്പുവിനും മകനുമെതിരെയുള്ള വിചാരണ തുടരവെയാണ് ജോധ്പൂര്‍ കേസില്‍ വിധി വന്നത്.