up-hospital

ഉത്തർപ്രദേശിലെ ശാംലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ആശുപത്രി ഉടമ ഒരു രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർജന്‍റെ യോഗ്യത കേട്ടാൽ ഞെട്ടും. വെറും എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചയാളാണ് ശസ്ത്രക്രിയ നടത്തുന്നത്.  ശാംലിയിലുള്ള ആര്യൻ എന്ന സ്വകാര്യ ആശുപത്രിയുടെ ഉടമയായ നർദേവ് സിങാണ് രോഗിയെ ശസ്ത്രക്രിയ നടത്തുന്നത്. ഇയാൾ എട്ടാംക്ലാസിൽ തോറ്റതോടെയാണ് പഠനം അവസാനിപ്പിച്ചത്. 

ആദ്യം കൂടയെുള്ള സഹായിയായ സ്ത്രീ രോഗിക്ക് അനസ്തേഷിയ നൽകുന്നു. പിന്നീട് വളരെ ലാഘവത്തോടെയാണ് സിങിന്റെ ശസ്ത്രക്രിയ നടത്തൽ. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ആക്ടിങ് ചീഫ് മെഡിക്കൽ ഓഫീസർ അശോക് കുമാർ ഹാണ്ഡ അറിയിച്ചു. ആശുപത്രിയോട് വിശദീകരണവും തേടിയിട്ടുണ്ട്. ആശുപത്രിയിൽ നേരത്തെയും ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 

അഞ്ചു രോഗികളുടെ കുടുംബങ്ങൾ ആശുപത്രിയിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് മുമ്പ് മൂന്നു തവണ ആശുപത്രി പൂട്ടിയിരുന്നുവെന്നും ഹാണ്ഡ പറയുന്നു. ‌കഴിഞ്ഞ വർഷം മാത്രം ഇരുപത് രോഗികളാണ് ഇവിടെ മരിച്ചത്. ചികിൽസാ പിഴവ് കാരണം രോഗികൾ മരിച്ചതിന്റെ പേരിൽ 2014–ൽ നാട്ടുകാർ ആശുപത്രി തല്ലിത്തകർത്തിരുന്നു.