ബുരാരിയിലെ സ്ഥലം കച്ചവടക്കാരനായ പവൻകുമാർ ത്യാഗി ഉടൻ തന്നെ തന്റെ ഫ്ലാറ്റിൽ ഒരു പൂജ നടത്താൻ പോകുകയാണ്. കാരണം എന്താണെന്നോ? 11 പേരുടെ കൂട്ട ആത്മഹത്യ നടന്ന ഭാട്ടിയ കുടുംബത്തിന്റെ തൊട്ടു പിന്നിലാണത്രേ ത്യാഗിയുടെ ഫ്ലാറ്റ്. താനൊരു അന്തവിശ്വാസിയല്ലെന്നും എന്നാൽ ശുദ്ധീകരണം ആവശ്യമാണെന്നുമാണ് ഇയാൾ പറയുന്നത്. പവന്റെ കോളജ് വിദ്യാർത്ഥിനിയായ മകൾ ഇപ്പോൾ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. മകളുടെ ഭീതി അകറ്റാനാണ് പൂജ നടത്തുന്നതെന്നാണ് ത്യാഗി പറയുന്നത്.
ബുരാരിയിലെ കൂട്ട മരണം ആ നാടിനെ ഒന്നാകെ ഭയപ്പെടുത്തുന്നു. മരിച്ച 11 പേരുടെയും ആത്മാക്കൾ പ്രദേശത്ത് അലഞ്ഞ് തിരിഞ്് നടക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം, ഇത് കാരണം പ്രദേശത്തെ സ്ഥലങ്ങളുടെ വില പോലും കുത്തനെ കുറയുകയാണ്. മാത്രമല്ല ബുരാരിയിലേക്ക് ഓട്ടം വരാൻ ഓട്ടോക്കാരും ടാക്സിക്കാരും പോലും വിസമ്മതിക്കുന്നു.ആ കുടുംബത്തിന്റെ ദുരാചാരങ്ങളുടെ ഫലമാണ് ആത്മഹത്യ എന്നാണ് പൊലീസ് വിശ്വസിക്കുന്നത്. എന്നാല്‍ അവരുടെ മരണത്തിന് പിന്നിൽ ദുരാത്മാക്കളാണെന്ന് വാർത്ത പ്രചരിച്ചതോടെയാണ് സ്ഥലം ഭീതിയുടെ മുൾമുനയിലാകുന്നതെന്നാണ് നാട്ടുകാരനായ കെ എൽ ഭരദ്വാജ് പറയുന്നത്.
ഈ പ്രചരണങ്ങൾക്ക് ദീർഘകാലത്തെ ആയുസ് ഉണ്ടാകുമെന്നും ഇവിടെ നിന്നും സ്ഥലവും ഫ്ലാറ്റുകളും വാങ്ങാൻ ജനങ്ങൾ ഭയപ്പെടുമെന്നുമാണ് ഭരദ്വാജ് പറയുന്നത്. 10 വര്‍ഷത്തോളമായി ബുരാരിയിലെ സ്ഥലങ്ങൾക്ക് വലിയ വിലയാണ് കിട്ടിക്കൊണ്ടിരുന്നത്. അതേസമയം ബുരാരിയിലെ കൂട്ടമരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നിൽ പ്രോപ്പർട്ടി ഡീലർമാർക്ക് പങ്കുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. ചുളുവിലയിൽ ഇവിടുത്തെ വീടുകളും സ്ഥലവും സ്വന്തമാക്കാമെന്നാണ് ഇവർ കരുതുന്നത്.
എന്നാൽ പ്രചരിക്കുന്ന കഥകളൊക്കെ അസത്യമാണന്നാണ് ഭാട്ടിയ കുടുംബത്തിലെ അവശേഷിക്കുന്ന രണ്ട് സഹോദരങ്ങൾ പറയുന്നത്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ തന്റെ അമ്മയും സഹോദരനുമടക്കം 11 പേർ മരിച്ച വീട്ടിൽ താൻ താമസിക്കുമെന്ന് കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ട ലളിത് ഭാട്ടിയയുടെ മൂത്ത സഹോദരൻ ദിനേഷ് ഭാട്ടിയ പറഞ്ഞു.