amit-jay-shah

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്‍ക്കുമെതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളുമായി കോണ്‍ഗ്രസ്. മകന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി വായ്പയെടുത്തത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് അമിത് ഷാ മറച്ചുവച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. അമിത് ഷായ്‍ക്കെതിരെ പരാതിയുമായി അടുത്താഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. 

2016ലാണ് അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ ഗുജറാത്തിലെ കാലുപുര്‍ സഹകരണ ബാങ്കില്‍ പണയംവച്ച് 25 കോടി രൂപ വായ്പയെടുക്കുന്നത്. മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കുസും ഫിന്‍സെര്‍വ് എന്ന കമ്പനിക്ക് വേണ്ടി. എന്നാല്‍, 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍  നല്‍കിയ സത്യവാങ്മൂലത്തില്‍ അമിത് ഷാ ഇക്കാര്യം മറച്ചുവച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.  

2016 മുതല്‍ അഞ്ച് തവണയായി ജയ്ഷായുടെ കമ്പനി രണ്ട് ബാങ്കുകളില്‍ നിന്ന് 97 കോടി രൂപയുടെ വായ്പ നേടി. അതേസമയം, ഏറ്റവും പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ ആകെ ആസ്തി 5.83 കോടി രൂപ മാത്രമാണെന്നും  കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. 

ഇതിനുപുറമേ 2017 ജൂലായില്‍ കമ്പനിക്ക് സാനന്ദ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ സ്ഥലം പാട്ടത്തിന് നല്‍കി. പാട്ടത്തിന് ലഭിച്ച ഭൂമി പണയംവച്ച് കോട്ക് മഹീന്ദ്ര ബാങ്കില്‍ നിന്ന് ജയ്ഷാ 17 കോടി രൂപയുടെ വായ്പെടുത്തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 2016–17 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റും കമ്പനി സമര്‍പ്പിച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷനെതിരെ രേഖകള്‍ പുറത്തുവിട്ടുകൊണ്ട് ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തുവന്നെങ്കിലും ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.  

അമിത് ഷായുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബിസിനസ് നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളുടെ ചൂട് മാറുന്നതിനു പിന്നാലെയാണ് പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസായിരുന്നു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവില്‍ 16000 മടങ്ങ് വര്‍ധനയുണ്ടായതായിരുന്നു വാര്‍ത്ത. മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷമാണ് ഇത്തരമൊരു വര്‍ധനയെന്നതും ശ്രദ്ധേയമായിരുന്നു.