പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. മോദിയുടെ ചിത്രത്തിൽ ചോർ എന്ന് എഴുതിയതിന് ദിവ്യയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മോദിയെ പരിഹസിച്ച് ദിവ്യയുടെ പുതിയ ട്വീറ്റ്.
ആമിര്‍ ഖാന്‍റെ പുതിയ ചിത്രമായ ‘തഗ്ഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനി’ലെ മീം ഉപയോഗിച്ചാണ് ദിവ്യയുടെ പുതിയ ട്രോൾ. ചിത്രത്തിന്റെ ട്രെയിലറില്‍ ആമിര്‍ ഖാന്‍റെ പഞ്ച് ഡയലോഗുകളില്‍ ഒന്നായ ‘ചതി സ്വഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്’ എന്ന ഡയലോഗാണ് ദിവ്യ ആയുധമാക്കിയത്. പ്രധാനമന്ത്രി മോദി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനോട് പറയുന്ന വാക്കുകളായാണ് ആമിറിന്റെ പഞ്ച് ഡയലോഗിനെ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്. റഫേല്‍ ഇടപാട് വിവാദത്തെ സൂചിപ്പിക്കുന്നതാണ് ദിവ്യയുടെ പുതിയ വിവാദട്വീറ്റും.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു വേണ്ടി മോദി സര്‍ക്കാര്‍ എച്ച്എഎല്ലിനെ അവസാന നിമിഷം ഒഴിവാക്കി റഫേല്‍ വിമാന കരാറില്‍ ഒപ്പിടുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതേ വിഷയത്തില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ദിവ്യ മോദിയെ കള്ളനെന്ന് വിളിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ ഹിറ്റായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന റഫേല്‍ ഇടപാട് വിവാദവുമായി അതിനെ ബന്ധിപ്പിച്ചുള്ള ട്വീറ്റും ഇപ്പോൾ വൈറലായിരിക്കുകയാണ്.