tariq-anwer

എന്‍സിപിയിലേയ്ക്ക് മടങ്ങിപ്പോകില്ലെന്ന് പാര്‍ട്ടിവിട്ട മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ മോദി അനുകൂല പ്രസ്താവന മകള്‍ സുപ്രിയ സുലെ തള്ളിപ്പറഞ്ഞതുകൊണ്ട് താന്‍ നിലപാട് മാറ്റില്ലെന്ന് താരിഖ് അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. റഫാല്‍ ഇടപാടില്‍ പവാര്‍ മോദിയെ പിന്തുണച്ചത് പ്രതിപക്ഷത്തിന്‍റെ വിശ്വാസ്യതയെ ബാധിച്ചുവെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. 

 

റഫാലില്‍ നരേന്ദ്ര മോദിയുടെ ഉദ്ധേശ ശുദ്ധിയില്‍ സംശയമില്ലെന്ന ശരദ് പവാറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍സിപി സ്ഥാപകനേതാവും ജനറല്‍സെക്രട്ടറിയുമായിരുന്ന താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടത്. ലോക്സഭാംഗത്വവും രാജിവെച്ചു. റഫാലില്‍ മോദിയുടെ വിശ്വാസ്യത ജനങ്ങള്‍ പോലും സംശയിക്കുകയും പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെതിരെ നില്‍ക്കുകയും ചെയ്യുന്നതിനിടെ പവാര്‍ നടത്തിയ പ്രസ്താവന ബിജെപിയെ സഹായിക്കാനാണെന്ന് താരിഖ് അന്‍വര്‍. നിലപാട് മാറ്റാന്‍ പവാര്‍ തയ്യാറായിട്ടില്ല. റഫാലില്‍ ജെപിസി അന്വേഷണം വേണം.

 

പവാറിനെ മകള്‍ സുപ്രിയ സുലെ എതിര്‍ത്തതോടെ റഫാലില്‍ എന്‍സിപിക്കകത്ത് ആശയക്കുഴപ്പം വര്‍ധിക്കുകയാണ്. കേരളത്തിലെ എന്‍സിപി നേതൃത്വവും പവാറിന്‍റെ പ്രസ്തവാനയില്‍ നിലപാട് വ്യക്തമാക്കണമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തുമെന്നും 2019ല്‍ ബിഹാറിലെ കണ്ഠിഹാര്‍ ലോക്മണ്ഡലത്തില്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്നും സൂചനയുണ്ട്.