വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയും ആശങ്കയോടുമാണ് എല്ലാ പാർട്ടികളും കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എബിപി–സീ വോട്ടർ സർവെ പുറത്തിറക്കിയ സര്‍വേയില്‍ ബിജെപിക്ക് മേല്‍ക്കൈ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തന്നെ അധികാരം നിലനിർത്തുമെന്ന് സര്‍വേ പറയുന്നു. എന്നാല്‍ വോട്ടില്‍ കുറവുണ്ടാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ആകെ 543 സീറ്റുകളില്‍ 38 ശതമാനം വോട്ടുകളുമായി 276 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കും. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ 25 ശതമാനം വോട്ടു നേടി 112 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് 37 ശതമാനം വോട്ട് വിഹിതവും 155 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടം ഉണ്ടാക്കുമെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ ഏറെക്കുറെ കോണ്‍ഗ്രസ്സിന് അനുകൂലമാണെന്നും സര്‍വെ പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് മികച്ച വിജയം നേടുമെന്ന് സര്‍വെ പറയുന്നു.
കേരളത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിജയംനേടുമെന്ന് പറയുന്ന സര്‍വേ ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫിന് നല്കുന്നു. എല്‍ഡിഎഫിന് ലഭിക്കുക 4 സീറ്റുകള്‍ മാത്രമാണെന്നാണ് സര്‍വേ പറയുന്നത്. ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു. നിലവില്‍ 12 സീറ്റ് യൂഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെങ്കിലും ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിയില്ലെന്നും സര്‍വെയില്‍ പറയുന്നു. എപ്പോഴാണ് സര്‍വേ നടത്തിയതെന്ന കാര്യം വ്യക്തമല്ല.