ഡൽഹിയിലെ ബവാനയിൽ അധ്യാപിക വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ മൂന്നാംനാൾ പ്രതികളെ കുടുക്കി ഡൽഹി പൊലീസ്. അധ്യാപികയുടെ ഭര്‍ത്താവ് മണ്‍ജീത്ത് (38), കാമുകിയായ എയ്ഞ്ചല്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ പ്രമുഖ മോഡലായ എയ്ഞ്ചൽ ഗുപ്തയെ സ്വന്തമാക്കാനായിരുന്നു മൺജീത്ത് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ എയ്ഞ്ചലിന്റെ പിതാവ് രാജീവും പൊലീസ് പിടിയിലായിട്ടുണ്ട്.
എയ്ഞ്ചലുമായുളള മൺജീത്തിന്റെ ബന്ധം സുനിത എതിർത്തതാണ് കൊലപാതകത്തിനു കാരണമെന്ന് ഡിസിപി രാജ്നീഷ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാനയിലെ സോനിപതില്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായ സുനിതയെ തിങ്കളാഴ്ച്ചയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോൾ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സുനിതയെ ആരാണ് വെടിവെച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ക്വട്ടേഷൻ സംഘങ്ങളെ കൊലപാതകത്തിൽ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.
അബോധാവസ്ഥയില്‍ കണ്ടെത്തിയ സുനിതയെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് സുനിതയുടെ ഫോണും പണമടങ്ങിയ ബാഗും ഉണ്ടായിരുന്നു. മോഷണശ്രമത്തില്‍ അല്ല സുനിത കൊല്ലപ്പെട്ടതെന്ന് പൊലീസ് ഇതോടെ സ്ഥിരീകരിച്ചു. വഴിയാത്രക്കാരനാണ് സുനിതയുടെ മരണവിവരം പൊലീസിനെ അറിയിച്ചത്. ഇതിനിടെ സുനിത എഴുതിയെന്ന് കരുതുന്ന ഡയറിയെ കുറിച്ച് സുനിതയുടെ മകൾ പൊലീസിന് വിവരം നൽകുകയും ചെയ്തു. മൺജീത്തും എയ്ഞ്ചലുമായുളള ബന്ധം സുനിതയുടെ മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. മൺജീത്തിനെ തുടക്കത്തിലെ സംശയം ഉണ്ടായിരുന്ന പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.