2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതിൻറെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളെ കണ്ടു. മുൻപ്രധാനമന്ത്രി എച്ച്ഡി ദേവഗദൗഡ, കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായാണ് നായിഡു കൂടിക്കാഴ്ച നടത്തിയത്. കർണാടക ഉപതിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസം ആയുധമാക്കി പോരാടാനുറച്ചാണ് സഖ്യനീക്കങ്ങൾ.
ഉപതിരഞ്ഞെടുപ്പോടെ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക കർണാടക സൃഷ്ടിച്ചെന്നും പ്രതിപക്ഷ ഐക്യത്തെ ചെറുക്കാൻ ബിജെപിക്ക് ആകില്ലെന്നും നായിഡു പറഞ്ഞു. അത്തരമൊരു സഖ്യം യാഥാർത്ഥ്യമായാൽ ആരാകും നയിക്കുക എന്ന ചോദ്യത്തിന് അതേപ്പറ്റി താൻ ഇപ്പോൾ ചിന്തിക്കുന്നതേ ഇല്ലെന്നും പ്രധാനമന്ത്രി പദമല്ല രാജ്യത്തെ രക്ഷിക്കുക എന്നതാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ലെ തിരഞ്ഞെടുപ്പ് 1996 ൻറെ ആവർത്തനമായിരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. നായിഡുവും ദേവഗൗഡയും പഴയ സുഹൃത്തുക്കളാണ്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റില്ലെന്നും കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട വൈരം അവസാനിപ്പിച്ച് സഖ്യസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാന്‍ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും രാഹുൽ സന്ദർശിച്ചിരുന്നു.