മതപ്രചരണത്തിനായി ആൻഡമാനിലെ സെന്റിനെൽ ദ്വീപിലെത്തി ഗ്രോത്രവർഗക്കാർ കൊലപ്പെടുത്തിയ അലൻ ചൗവിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. പുറംലോകത്ത് നിന്നും അകന്നുകഴയുന്ന ഗോത്രവർഗത്തിന്റെ ആവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. പഠനത്തിനും മറ്റുമായി പലരും അനുവാദത്തോടെ പ്രവേശിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. ഗോത്രവർഗക്കാർ താമസിക്കുന്ന ചെറുദ്വീപിന്റെ അടുത്തുവരെയെത്തിയ അനുഭവം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ടി.എൻ.പണ്ഡിറ്റ്. നരവംശശാസ്ത്രജ്ഞനായ പണ്ഡിറ്റ് 1960നും 1990നും ഇടയിൽ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.
മതപരിവർത്തനത്തിനായി എത്തിയ അലൻ ചൗ വലിയൊരു തെറ്റാണ് ചെയ്തത്. ഗോത്രവർഗക്കാരുടെ അനുമതിയില്ലാതെ അവരുടെ ദ്വീപിൽ കാലുകുത്തുന്നത് തന്നെ അപകടകരമാണ്. അലന്റെ ജീവിനെടുത്തത് ഈ തെറ്റാണ്.
താൻ പോയ സമയത്ത് ബോട്ടിൽ നിന്നും കൊണ്ട് ആദ്യം ഇവർക്ക് ഉപഹാരങ്ങൾ നൽകുകയാണ് ചെയ്തത്. ഞങ്ങളുടെ സംഘത്തിന് നേരെയും പ്രകോപനം ഉണ്ടായിട്ടുണ്ട്. എന്നാൽ അത് മുറിവേൽപ്പിക്കുന്ന തരത്തിലോ കൊലപാതകത്തിന്റെ സാഹചര്യത്തിലേക്കോ നയിച്ചിരുന്നില്ല.
ബോട്ടിൽ നിന്നുകൊണ്ടാണ് അവർക്ക് തേങ്ങ സമ്മാനമായി നൽകിയിരുന്നത്. ഒരു തവണ സംഘത്തിലെ മറ്റ് അംഗങ്ങളിൽ നിന്നും കുറച്ച് അകത്ത് ദ്വീപിന്റെ അരികിലേക്ക് ഞാൻ എത്തി. അപ്പോൾ മാത്രമാണ് അവർ പ്രകോപിതരായത്. ഒരു ചെറുപ്പക്കാരനായ ഗോത്രനിവാസി എന്റെ നേർക്ക് കത്തി ചൂണ്ടിയിട്ട് കഴുത്ത് അറുക്കുമെന്ന മുന്നറിയിപ്പ് നൽകി. ഇത് കണ്ടതോടെ ഞാൻ തിരികെ ബോട്ടിലേക്ക് പോന്നു. ഞാൻ അവിടെ സ്വാഗതാർഹനല്ലെന്ന് അതിലൂടെ അവർ വ്യക്തമാക്കുകയായിരുന്നു. ദ്വീപിലേക്ക് പ്രവേശിക്കാനുള്ള ശ്രമം അവിടെ അവസാനിപ്പിച്ചു– ടിഎൻ പണ്ഡിറ്റ് പറയുന്നു.
അലൻ ചൗവിന്റെ മൃതദേഹത്തിനായുള്ള അന്വേഷണം അവസാനിപ്പിക്കാൻ ഉന്നതാധികാരകേന്ദ്രത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുറംലോകത്ത് നിന്നുള്ള ചെറിയ അണുബാധപോലും ഗ്രോത്രവർഗത്തിന്റെ സർവനാശത്തിന് കാരണമാകുമെന്നുള്ളത് കൊണ്ടാണ് തിരച്ചിൽ നിറുത്താൻ ഉത്തരവ് വന്നത്.