poorvancha-vc

ആക്രമിക്കുന്നവരെ കൊന്നിട്ടുവരാന്‍ വിദ്യാര്‍ഥികളോട് പൂര്‍വാഞ്ചല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ആഹ്വാനം. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണ് വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്‍റെ കൊലവിളി പ്രസംഗം പുറത്തുവിട്ടത്. വി.സിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങും പറഞ്ഞു.

വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നടത്തേണ്ട വൈസ് ചാന്‍സലറില്‍ നിന്ന് പുറത്തുവന്ന വാക്കുകള്‍ ഇങ്ങനെ. നിങ്ങള്‍ പൂര്‍വാഞ്ചല്‍ സര്‍വകാശാലയുടെ വിദ്യാര്‍ഥിയാണെങ്കില്‍, ആരെങ്കിലുമായി വഴക്കുണ്ടായാല്‍ കരഞ്ഞുകൊണ്ട് തന്‍റെയടുത്ത് വരരുത്. തിരിച്ചടിക്കണം. കഴിയുമെങ്കില്‍ കൊന്നിട്ടുവരണം. ബാക്കി ഞങ്ങള്‍ നോക്കിക്കോളാം.

ഗാസിപുരില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സെമിനാറിലായിരുന്നു വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്‍റെ കൊലവിളി പ്രസംഗം. സംഭവം വിവാദമായതോടെ വി.സിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സമാധാനത്തിന്റെ വഴി ഉപദേശിക്കേണ്ടവര്‍ ഗുണ്ടാരാജിന് ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പ്രതികരിച്ചു. ഉപമുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.