മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്‍സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.
ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.
അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർച്ച നടന്നപ്പോൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.
ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.