ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച പാകിസ്താനിയെ ഓർമ്മയില്ലേ? അന്ന് പ്രചരിച്ച വിഡിയോയാണ് ആദിലിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ഇന്ത്യ–പാകിസ്താൻ ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ ഒരഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിൽ.
ലോകകപ്പിൽ ഇന്ത്യ–പാകിസ്താൻ മത്സരം റദ്ദാക്കരുതെന്നാണ് ആദിലിന്റെ അഭ്യർഥന. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ–പാക് മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ''ആ മത്സരം ബഹിഷ്കരിച്ചാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പുല്‍വാമയ്ക്ക് ശേഷും ഗര്‍ഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നത്'' ആദിൽ പറയുന്നു.
'2004ലും 2006ലും പാകിസ്ഥാനില്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ താരങ്ങളോട് ചോദിച്ചാല്‍ മനസിലാകും, പാകിസ്ഥാനില്‍ അവര്‍ക്ക് ലഭിച്ച സ്നേഹം. തങ്ങള്‍ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ സ്നേഹം ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ഷഹീദ് അഫ്രീദിയും ഷോയിബ് അക്തറും എത്രവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.'
'ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മില്‍ എന്നും ഉറച്ച സ്നേഹബന്ധമുണ്ടായിരുന്നു. സച്ചിന് ഒപ്പിട്ട് നല്കിയ ഇന്ത്യന്‍ ജഴ്സി ഇന്നും അഫ്രീദിയുടെ വീട്ടില്‍ ഫ്രെയിം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. അഫ്രീദി വിരമിച്ച ശേഷം അപ്പോഴത്തെ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം ഒപ്പിട്ട ജേഴ്സി വിരാട് കോലി സമ്മാനിച്ചിരുന്നു. ഇങ്ങനെയൊക്കെയുള്ള കാരണങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യ-പാക് മത്സരം ബഹിഷ്കരിക്കരുത്'- ആദില്‍ എഎന്‍ഐയോട് പറഞ്ഞു.
ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് മുൻ താരം ഹര്ഭജൻ സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ ബിസിസിഐ തള്ളിയിരുന്നു.