abhinandan-vardhaman

ആശങ്കയുടെയും സമ്മർദ്ദത്തിന്റെയും നിമിഷങ്ങൾക്കൊടുവിലാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ രാജ്യത്തിലേക്ക് തിരികെ എത്തുന്നത്. പാക്കിസ്ഥാന്റെ മണ്ണിൽ, അവരുടെ സേനാത്തലവന്മാർക്കു മുന്നിൽ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാൻഡറിനെ വീട്ടിലേക്കു മടങ്ങുന്ന സ്വന്തം കുടുംബാംഗത്തെ പോലെ കാത്തിരിക്കുകയാണു രാജ്യത്തെ ഓരോ കുടുംബവും.

പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‍ത്താതിരിക്കാനായില്ല.

ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംയുക്ത വാർത്താസമ്മേളത്തിൽ അഭിനന്ദനെ അഭിനന്ദിക്കാനും അദ്ദേഹം മോചിപ്പിക്കപ്പെടുന്നതിൽ സന്തോഷം അറിയിക്കാനും സേനാ വക്താക്കളും ശ്രദ്ധിച്ചു

ഇന്ത്യ വീഴ്‍ത്തിയ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനമാണെന്നു വ്യോമസേന വെളിപ്പെടുത്തി. ഡൽഹിയിലെ വാർത്താസമ്മേളനത്തിനിടെ എയർ വൈസ് മാർഷർ ആർ.ജി.കെ.കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ 8.45 നായിരുന്നു നിയന്ത്രണ രേഖയ്ക്കു സമീപത്തെ പാക്ക് ഗ്രാമമായ ഹോറയില്‍ ഇന്ത്യന്‍ വിമാനം തകർന്നുവീണതെന്നാണു പാക്ക് മാധ്യമം ദ് ഡോൺ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ കസ്റ്റഡിയിലുണ്ടെന്ന് അവകാശവാദവുമായി പിന്നീട് പാക്കിസ്ഥാൻ രംഗത്തെത്തി. ഇതിനു പിന്നാലെ സ്ഥിരീകരണവുമായി ഇന്ത്യയും.

 

'ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ എഫ്–16 വിമാനങ്ങളെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ്–21 വിമാനമാണ്. തുടർന്ന് എഫ്–16 വിമാനം പാക്ക് അധിനിവേശ കശ്മീരിലെ നിയന്ത്രണരേഖക്കു സമീപം തകർന്നു. ഇന്ത്യയ്ക്ക് മിഗ് 21 വിമാനം നഷ്ടമായി. വിമാനത്തിൽനിന്നു പാരച്യൂട്ടിൽ രക്ഷപെട്ട വൈമാനികൻ ഇറങ്ങിയതു പാക്ക് അധിനിവേശ കശ്മീരിലാണ്. ഇവിടെ വച്ചാണ് അദ്ദേഹം പാക്ക് പട്ടാളത്തിന്റെ പിടിയിലാകുന്നത്''- വൈസ് മാർഷൽ പറഞ്ഞു.

 

ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടർന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ പാരച്യൂട്ടിൽ സുരക്ഷിതമായി നിലത്തിറങ്ങി. 

 

സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവർത്തനം തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.