air-strike-india

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്നും പാകിസ്ഥാന് മോചനം ലഭിച്ചിട്ടില്ല. വ്യോമപാതകൾ ഇപ്പോഴും തുറക്കാത്തത് അതിന്റെ തെളിവാണ്. 

ഫെബ്രുവരി 27 ന് പൂട്ടിയ വ്യോമ പാതകളെല്ലാം തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. ഇന്ത്യ–പാക്ക് വ്യോമ പാത തുറക്കില്ലെന്ന് പാക്കിസ്ഥാൻ അറിയിച്ചതോടെ ഇതുവഴിയുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിടേണ്ടിവന്നിരിക്കുകയാണ്.

ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുന്നത്. ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടത്. ഇതോടൊപ്പം വ്യോമപാതയും അടച്ചിടുകയായിരുന്നു.

ഇതിനിടെ പാക്കിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചാൽ നിമിഷങ്ങൾക്കകം തിരിച്ചടിക്കുമെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ വ്യോമനിരീക്ഷണം നടത്താൻ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള വ്യോമ പാതകൾ അടച്ചിട്ടിരിക്കുന്നതെന്നും സൂചനയുണ്ട്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വ്യോമ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ പാക്ക് വ്യോമസേനക്കു കഴിയാതെ വന്നതിനാലാണ് വൻ തിരിച്ചടി നേരിടേണ്ടിവന്നത്. വ്യോമപാത തുറന്നിട്ടാൽ ഇന്ത്യയുടെ ഭാഗത്തുനിന്നു മറ്റേതെങ്കിലും വഴിക്ക് ആക്രമണം നടന്നേക്കുമെന്ന ഭയം പാക്കിസ്ഥാനുണ്ട്.