വിഖ്യാത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്‍റെ വീട് മ്യൂസിയമാക്കി സംരക്ഷിക്കുകയാണ് തഞ്ചാവൂരിലെ കുംഭകോണത്ത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് രാമാനുജന്‍റെ വീടിന് മുന്നിലൂടെയുള്ള സ്കൂള്‍ യാത്രതന്നെ പ്രചോദനമാണ്.
രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള കുഭകോണത്തെ പ്രസിദ്ധമായ സാരംഗപാണീ ക്ഷേത്രം. അതിന്‍റെ മുന്നിലൂടെയുള്ള തെരുവില്‍ ഒരു ചെറിയ വീട്. ഈ വീട്ടിലാണ് രാമാനുജന്‍റെ ജീവിത വളര്‍ച്ചയുടെ തുടക്കം. മരണവും ഇവിടെത്തന്നെയായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസിലേക്ക് വണ്ടി കയറുന്നത് വരെ സാരംഗപാണീ ക്ഷേത്രത്തിലെ നിവേദ്യം കഴിക്കാന്‍ സ്ഥിരമായെത്താറുള്ള രാമാനുജന്‍റെ ജീവിത കഥകള്‍ ഇവിടുള്ളവര്‍ക്ക് ഇന്നും ഹൃദിസ്ഥമാണ്. സ്കൂളിലേക്കുള്ള വഴിയില്‍ മഹാപ്രതിഭയുടെ വീടിനുള്ളിലേക്ക് നോക്കി, ഞാനും താങ്കളെപ്പോലെ ലോകം ആരാധിക്കുന്നരാളാകും എന്ന് പ്രതിജ്ഞയെടുക്കുന്ന കുട്ടികള്‍ ഇവിടുണ്ട്.
രാമാനുജന്‍റെ അപൂര്‍വ ചിത്രങ്ങള്‍, ജാതകം, സര്‍ട്ടിഫിക്കറ്റുകള്‍, ഉപയോഗിച്ചിരുന്ന കട്ടില്‍, പാത്രങ്ങള്‍ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ തുടങ്ങിയവയെല്ലാം കാണാമിവിടെ. ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയാണ് വീട് സംരക്ഷിക്കുന്നത്.