''അമ്മയോടോ സഹോദരിയോടോ, ആരോടാണ് ആദ്യം എല്ലാം തുറന്നുപറയുക?'', രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കുന്നതിനിടെ രാഹുലിനോട് അഭിമുഖകാരന്‍റെ ചോദ്യം.
രണ്ടുപേരോടും എല്ലാം സംസാരിക്കാറുണ്ടെന്നായിരുന്നു മറുപടി. ''ഞാൻ പൊതുവേ എല്ലാം തുറന്നുപറയുന്ന ആളാണ്'', രാഹുൽ പറഞ്ഞു.
''അമ്മ എനിക്ക് സഹോദരി കൂടിയാണ്. സഹോദരി അമ്മ കൂടിയാണ്. അവർ രണ്ടു പേരും എന്റെ ബലമാണ്. അവർ വ്യത്യസ്തരല്ല'', ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ മനസു തുറന്നു.
എന്തുകൊണ്ടാണ് പ്രിയങ്ക നേരത്തേ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് വിലക്കിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ''അവളുടെ കുട്ടികൾ ചെറുതായിരുന്നു. രാഷ്ട്രീയത്തിൽ നിന്നും അകന്നു നില്‍ക്കണമെന്ന് തീരുമാനിച്ചത് പ്രിയങ്ക തന്നെയാണ്. ഇന്ന് കുട്ടികൾ വലുതായി. രാഷ്ട്രീയത്തിൽ തനിക്ക് പലതും ചെയ്യാനുണ്ടെന്ന് അവൾക്കു തോന്നി''.
വയനാടോ, അമേഠിയോ ഏതു തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അക്കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ''അമേഠിയിൽ തോൽക്കുമെന്ന ഭയമുള്ളതു കൊണ്ടല്ല രണ്ടാമതൊരു മണ്ഡലത്തിൽ കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം തമിഴ്നാട്ടിൽ ചെന്നപ്പോൾ അവിടുത്തെ ആളുകൾ ചോദിച്ചു: ''ഞങ്ങൾക്കും ഇന്ത്യയിലെ മറ്റു ജനങ്ങളെപ്പോലെ തുല്യാവകാശമില്ലേ'', ഈ വികാരമാണ് തെക്കേ ഇന്ത്യയിൽ. നോർത്ത് പോലെ തന്നെ പ്രധാനമാണ് സൗത്ത് ഇന്ത്യയും എന്ന് എനിക്കവരോട് പറയണമായിരുന്നു'', രാഹുൽ കൂട്ടിച്ചേര്‍ത്തു.
അധികാരത്തിൽ വരുമോ എന്ന ചോദ്യത്തിന് ഉറപ്പായും വരും എന്നായിരുന്നു രാഹുലിന്റെ ഉത്തരം: ''സഖ്യമായോ ഒറ്റക്കായോ എന്ന് എനിക്ക് പ്രവചിക്കാൻ പറ്റില്ല. പക്ഷേ മോദി ഇത്തവണ വിജയിക്കാന്‍ പോകുന്നില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ ആയിരിക്കും അധികാരത്തിലേറാൻ പോകുന്നത്, പ്രധാനമന്ത്രി താനാകും എന്നു പറയാൻ ആളല്ല, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്''.
അഭിമുഖത്തിൽ മോദിക്കെതിരെ ശക്തമായ വിമർശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. മോദിക്ക് കൃത്യമായ ഒരു വിദേശകാര്യനയം ഇല്ല. അദ്ദേഹത്തിനു തോന്നുന്നതു പോലെയാണ് ഓരോ ദിവസവും പെരുമാറുന്നത്. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാൻ സന്ദർശിക്കുകയാണെന്നിരിക്കട്ടെ, പെട്ടെന്നായിരിക്കും, അവിടെവെച്ച് അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. ഇതുവഴി അഫ്ഗാനിസ്ഥാനിലുള്ള ജനങ്ങൾക്കു ലഭിക്കുന്നത് തെറ്റായ സന്ദേശം ആണ്. എന്തിനാണ് പാക്കിസ്ഥാനിലേക്ക് പോയതെന്ന് മോദിക്കുപോലും അറിയുകയില്ല. വിദേശകാര്യനയത്തെക്കുറിച്ച് സാമാന്യബോധം പോലും മോദിക്കില്ല. വിദേശകാര്യനയമെന്നാൽ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണെന്നാണ് മോദിയുടെ ധാരണ–രാഹുൽ കൂട്ടിച്ചേർത്തു.
താങ്കളും കെട്ടിപ്പിടിച്ചിട്ടുണ്ടല്ലോ എന്ന് അഭിമുഖകാരൻ ചോദിച്ചപ്പോൾ അത് വിദേശനേതാവിനെയല്ലെന്നും താൻ മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അതിൽ അടങ്ങിയതു മുഴുവൻ സ്നേഹം ആയിരുന്നുവെന്നുമാണ് രാഹുൽ മറുപടി നൽകിയത്.
അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു, കയര്‍ത്തു. പക്ഷേ ഞാൻ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയത്. നോക്കൂ ഞാൻ നിങ്ങളുടെ എതിരാളിയാണ്, പക്ഷേ രാജ്യത്തിന്‍റെ താത്പര്യ പ്രകാരമാണ് വന്നത് എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ അടുക്കലെത്തിയത്. എന്നാൽ എന്നോട് മാറിനിൽക്കാനാണ് പറഞ്ഞത്. എനിക്കദ്ദേഹത്തോട് സ്നേഹമുണ്ട്. പക്ഷേ ഞാൻ സത്യം പറയും. സത്യത്തെ അവഗണിക്കാൻ എനിക്കാകില്ല. സത്യമെന്തെന്നാൽ, ഇന്ത്യയുടെ പ്രധാനമന്ത്രി അനിൽ അംബാനിക്കു നല്‍കിയത് 30,000 കോടി രൂപയാണ്. സത്യമെന്തന്നാൽ, കാവൽക്കാരന്‍ കള്ളനാണ്'', രാഹുൽ കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ റാഫേൽ അഴിമതി അന്വേഷിക്കുമെന്നും രാഹുൽ പറഞ്ഞു.