palace1

തമിഴ്നാട്ടിലെ കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം കേരള സര്‍ക്കാരിനു തന്നെയെന്ന് തിരുനല്‍വേലി ജില്ലാ റവന്യു ഓഫിസറുടെ ഉത്തരവ്. കൊട്ടാരത്തിലും 56.68 ഏക്കര്‍ഭൂമിയിലും നോട്ടക്കാരായിരുന്ന തേവര്‍ കുടുംബം ഉന്നയിച്ച അവകാശവാദം റവന്യു ഓഫിസര്‍ തള്ളി. ഉടമസ്ഥാവകാശ കേസില്‍ തീര്‍പ്പ് കല്‍പിക്കാന്‍ മദ്രാസ് ഹൈക്കോടതിയാണ് റവന്യു ഓഫിസറെ ചുമതലപ്പെടുത്തിയത്.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുനല്‍വേലിയിലെ വിനോദസഞ്ചാരകേന്ദ്രമായ കുറ്റാലത്ത് പണികഴിപ്പിച്ച കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തര്‍ക്കത്തില്‍ ദീര്‍ഘനാളത്തെ നിയമപ്പോരാട്ടത്തിന് ഒടുവിലാണ് കേരളത്തിന് അനുകൂലമായ തീര്‍പ്പുണ്ടായത്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശികള്‍ മദ്രാസ് ഹൈക്കോടതിയില്‍ കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് രേഖകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ തിരുവല്‍വേലി റവന്യു ഡിവിഷണല്‍ ഓഫിസറെ ചുമതലപ്പെടുത്തിയത്. ഐക്യകേരളം രൂപീകരിച്ചതിനുശേഷമാണ് കൊട്ടാരം സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലാകുന്നത്. 

സര്‍ക്കാരും രാജകുടുംബവും തേവര്‍ കുടുംബവും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് റവന്യു ഓഫിസര്‍ പുറപ്പെടുവിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുകയും കൃത്യമായി വാദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല തീരുമാനമുണ്ടായതെന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കൊട്ടാരവും ഭൂമിയും കൈവശപ്പെടുത്താന്‍ നടത്തിപ്പുകാരായ തമിഴ്നാട്ടിലെ തേവര്‍ കുടുംബം വര്‍ഷങ്ങളായി ശ്രമിക്കുക്കുകയായിരുന്നു. ക്രമക്കേടുനടത്തി പണം തട്ടിയതിന് കൊട്ടാരം സൂപ്രണ്ട് തമിഴ്നാട്ടുകാരനായ പ്രഭു ദാമോദരനെ പൊതുമരാമത്തുവകുപ്പ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.