പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ‘മേഘ സിദ്ധാന്തം’ തിരഞ്ഞ് ലോക രാജ്യങ്ങൾ രംഗത്ത്. മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ റഡാറുകളില്‍ നിന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ലോകരാജ്യങ്ങൾ തിരഞ്ഞത്. ബാലാക്കോട്ട് ആക്രമണത്തിനു മഴയും മേഘങ്ങളും തടസ്സമായപ്പോൾ താനാണ് വ്യോമസേനയോടു ഈ ആശയം മുന്നോട്ടുവച്ചതെന്ന് മോദി കഴിഞ്ഞ ദിവസം ന്യൂസ് നേഷൻ എന്ന ചാനലിനു നൽകിയ അഭുമുഖത്തിൽ പറഞ്ഞിരുന്നു. ഇതോടെയാണ് മോദിയുടെ ‘ക്ലൗഡ് റഡാർ തിയറി’ തേടി ലോകശക്തികൾ രംഗത്തെതിയത്.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന മേയ് 11 രാത്രി 9.30 മുതൽ ക്ലൗഡ് റഡാർ, മോദി റഡാർ, മോദി ക്ലൗഡ് എന്നീ വിഷയങ്ങൾ ഗൂഗിൾ സേർച്ച് ട്രന്റിങ്ങിൽ ഉണ്ട്. അതേസമയം, മോദിയുടെ ക്ലൗഡ് റഡാർ തിയറി ഗൂഗിളിൽ തിരയുന്നതിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യാക്കാരല്ല എന്നതാണ് ഏറെ ശ്രദ്ധേയം. പോർവിമാനം നിർമിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദിയുടെ ക്ലൗഡ് തിയറി കാര്യമായി തിരച്ചിൽ നടത്തിയിരിക്കുന്നത്.
മോദിയുടെ ‘മേഘ സിദ്ധാന്തം’ അന്വേഷിച്ചതിൽ പോളണ്ട്, ഓസ്ട്രേലിയ, യുകെ, ജര്‍മ്മനി, സിംഗപ്പൂർ, കാനഡ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉണ്ട്. ഇതിൽ ഇന്ത്യ എട്ടാമതാണ്. ലോകശക്തികളെ ഒന്നടങ്കം ഗൂഗിളിൽ തിരയാൻ പ്രേരിപ്പിച്ച ഒന്നായിരുന്നു മോദിയുടെ ക്ലൗഡ് തിയറി. ഇന്ത്യക്ക് റഫാൽ പോർവിമാനം നിർമിച്ചു നല്‍കുന്ന ഫ്രാൻസിൽ നിന്നാണ് മോദിയുടെ പുതിയ തിയറി ഏറ്റവും കൂടുതൽ തിരഞ്ഞത്.
മോശം കാലാസ്ഥയെ തുടർന്ന് ബാലാക്കോട്ട് തിരിച്ചടി മാറ്റിവെയ്ക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ ആലോചന. എന്നാൽ മേഘങ്ങളും മഴയും റഡാറുകളില്‍ നിന്നു യുദ്ധവിമാനങ്ങളെ മറച്ചുപിടിക്കാൻ അനുകൂലമാകുമെന്നു മോദി അഭിപ്രായപ്പെട്ടു. തുടർന്നാണ് ആക്രമണം നടത്തിയത്. പ്രധാനമന്ത്രിയുെട ഈ ‘മേഘ സിദ്ധാന്തം’ വ്യാപക പരിഹാസത്തിന് ഇടയാക്കിയതിന് പിന്നാലെ ഇത് സംബന്ധിച്ച ട്വീറ്റ് പിൻവലിച്ച് ബി.ജെ.പി തടതപ്പിയിരുന്നു.
അതേസമയം റഡാറുകളുടെ നിരീക്ഷണത്തില്‍ കാലവസ്ഥയ്ക്ക് ഒരു സ്വധീനവും ഇല്ലെന്നാണ് വിദ്ഗദരുടെ അഭിപ്രായം. റേഡിയോ ഡിറ്റെക്ഷൻ ആൻഡ് റേഞ്ചിങ്ങ് എന്നതിന്റെ ചുരുക്കമാണ് റഡാർ. റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത്. അതിനാല്‍ തന്നെ റഡാര്‍ നിരീക്ഷണത്തെ കാലവസ്ഥ സ്വധീനിക്കില്ലെന്ന് വ്യക്തം. മുൻസൈനിക ഉദ്യോഗസ്ഥരും മോദിയുടെ വാദം തള്ളി രംഗത്തെത്തി.