ചെന്നൈ നഗരത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ ജലട്രെയിനുകളെത്തുന്നു. തിരുവെള്ളൂര് ജില്ലയിലെ ജോലാര്‍പേട്ടയില്‍ നിന്ന് ദിവസവും ഒരു കോടി ലിറ്റര്‍ വെള്ളം ട്രെയിന്‍ മാര്‍ഗം നഗരത്തിലെത്തിക്കാനാണ് തീരുമാനം. ഇതിനായി 65 കോടി രൂപ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചു. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ മഴയ്ക്കായി സംസ്ഥാന വ്യാപകമായി യാഗം നടത്താന്‍ തീരുമാനിച്ചു.
കുടിനീരില്ലാതായ ലാത്തൂരിലേക്ക് വെള്ളവുമായി ട്രെയിന്‍ വരുന്ന കാഴ്ചയ്ക്ക് മൂന്നുകൊല്ലത്തെ പഴക്കമുണ്ട്. ഇതേ സമയം ചെന്നൈ നിവാസികള്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കഴുത്തെറ്റം വെള്ളത്തിലായിരുന്നു.
പിന്നീടിങ്ങോട്ട് മഴ ചെന്നൈയോട് പിണങ്ങി.ഭൂമിക്കു ദാഹിച്ചു. കുഴല്‍കിണറുകള്‍ക്ക് ആഴം കൂടികൊണ്ടേയിരുന്നു.
ഇനി ആകെ രക്ഷ ലാത്തൂരിലേതു പോലെ ജലട്രെയിനുകളാണ്.വെല്ലൂര്‍ ജില്ലയിലെ ജോലാര്പെട്ടില് നിന്ന് ദിവസം ഒരു കോടി ലിറ്റര്‍ വെള്ളമാണ് എത്തിക്കുന്നത് .ആറു മാസത്തേക്ക് ഇങ്ങിനെ ചെന്നൈയുടെ ദാഹം തീര്‍ക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
അടിയന്തിരമായി ആയിരം കോടി രൂപയുടെ കേന്ദ്ര സഹായം തേടിയി.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമനെ ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം നേരിട്ടുകണ്ടാണ് സഹായം തേടിയത്.
അതിനിടെ മഴ ദൈവങ്ങളെ പ്രീതിപെടുത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ യാഗങ്ങള്‍ നടന്നു. ഈറോഡില്‍ വിദ്യഭ്യാസ മന്ത്രി കെ.എ. സങ്കോട്ടയ്യനും നാമക്കലില്‍ വൈദ്യതി മന്ത്രി പി. തങ്കമണിയുടെയും നേതൃത്വത്തിലായിരുന്നു യാഗങ്ങള്‍. വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ചു പ്രതിപക്ഷമായ ഡി.എം.കെ പ്രത്യക്ഷ സമരവും തുടങ്ങി. ജില്ലാ ആസ്ഥാനങ്ങളിലെ മാര്‍ച്ചോടെയായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം.