ajai-pal-ips-life
‘സിങ്കം അണ്ണാ സിങ്കം..’ ഇന്നലെ രാത്രി മുതല്‍ രാജ്യത്തെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇൗ മനുഷ്യന്‍. വെടിയുണ്ടയെക്കാള്‍ വേഗത്തില്‍ ഏതൊരാളുടെയും മനസില്‍ ഇടം നേടി ഇൗ കാക്കി. സിനിമയില്‍ കയ്യടിച്ചുപോന്ന ഹീറോയുടെ പരിവേഷം അയാള്‍ യഥാര്‍ഥ ജീവിതത്തില്‍ വെടിവച്ചിട്ടു. ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയും ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ രണ്ടു കാലിലും മാറി മാറി വെടിവച്ചിടുകയും ചെയ്ത ഉത്തര്‍പ്രദേശിലെ രാംപൂരിലെ എസ്പി അജയ്പാൽ ശർമ്മ ഐപിഎസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വളരെ പതിയെ സംസാരിക്കുന്ന ഇൗ ഉദ്യോഗസ്ഥന്‍ വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് മറുപടി പറയുക. ക്രിമിനലുകളോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഇദ്ദേഹം യുപി പൊലീസ് സേനയിലെ മികച്ച എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റാണ്.  അങ്ങനെ ഒരു പേരും ഇദ്ദേഹത്തിന് സ്വന്തമായി ‘സിംഹം’.

ഒരു ഐ.പി.എസുകാരനാകുന്നതിന് മുന്‍പ് അജയ്പാല്‍ ഒരു പല്ല് ഡോക്ടറായിരുന്നു. അപ്പോഴാണ് ഐപിഎസ് മോഹം മനസില്‍ കയറുന്നത്. അങ്ങനെ 2011 ബാച്ചില്‍ അദ്ദേഹം ഐപിഎസുകാരനായി. ഏറ്റുമുട്ടലില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ അജയ്പാലിന് സിംഹം എന്ന പേര് സമ്പാദിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. ഇപ്പോള്‍ രാംപൂര്‍ എസ്പിയായിട്ടാണ് സേവനം അനുഷ്ടിക്കുന്നത്. സ്വന്തം പേരിൽ പത്തും ഇരുപതും ക്രിമിനൽ കേസുകളുള്ള, ഗവൺമെൻ്റ് തലയ്ക്ക് വില പറഞ്ഞ ഒട്ടനവധി ക്രിമിനലുകളെ അജയ് കീഴ്പ്പെടുത്തിയിട്ടുണ്ട്. കിഡ്നാപ്പിങ്ങ് കേസുകളും റേപ്പ് കേസുകളും കൈകാര്യം ചെയ്യാന്‍ യുപി പൊലീസില്‍ ഇൗ സിംഹത്തിന് പ്രത്യേക കഴിവാണ്.  സിനിമയില്‍ മാത്രം കണ്ടുവരുന്ന കഥാപാത്രങ്ങളുടെ നേര്‍ രൂപമാവുകയാണ് അജയ്പാല്‍. മനുഷ്യരുടെ പല്ലുകൾ പരിശോധിക്കുന്ന ഡെൻ്റിസ്റ്റായിരുന്ന അജയ്  ഇന്ന് നരാധമൻമാരുടെ ദ്രംഷ്ടകൾ പറിച്ചെടുക്കുന്ന ഐപിഎസുകാരനായി വളര്‍ന്ന കഥ ഫെയ്സ്ബുക്കില്‍ സന്ദീപ് ദാസ് പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

അജയ്പാൽ ശർമ്മ എന്ന ഐപിഎസ് ഒാഫീസറുടെ ഒരു പ്രവൃത്തി ഇപ്പോൾ രാജ്യമെങ്ങും ചർച്ച ചെയ്യപ്പെടുകയാണ്. ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊല്ലുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഒരു പ്രതിയെ അജയ് വെടിവെച്ചുവീഴ്ത്തി. രാംപൂരിലെ ഈ എസ്.പി പൊതുവെ മിതഭാഷിയാണ്. സംസാരം ആവശ്യത്തിനു മാത്രം. അതും വളരെ പതിഞ്ഞ സ്വരത്തിൽ. സംസാരത്തേക്കാൾ പ്രവൃത്തിയിലാണ് അജയ് വിശ്വസിക്കുന്നത്.

ഐ.പി.എസ് നേടിയെടുക്കുന്നതിനുമുമ്പ് ഒരു ഡോക്ടറായിരുന്നു അജയ്. കുറച്ചുകൂടി വലിയ സാമൂഹികസേവനങ്ങൾ ചെയ്യുന്നതിനുവേണ്ടിയാണ് അദ്ദേഹം കാക്കിക്കുപ്പായം തെരഞ്ഞെടുത്തത്. വളരെ തിളക്കമേറിയ ഒരു സർവ്വീസാണ് അജയിനുള്ളത്. സ്വന്തം പേരിൽ പത്തും ഇരുപതും ക്രിമിനൽ കേസുകളുള്ള,ഗവൺമെൻ്റ് തലയ്ക്ക് വില പറഞ്ഞ ഒട്ടനവധി ക്രിമിനലുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. ബെറ്റിങ്ങ് മാഫിയയോട് ഏറ്റുമുട്ടിയിട്ടുണ്ട്. കിഡ്നാപ്പിങ്ങ് കേസുകളും റേപ്പ് കേസുകളും പലതവണ വിജയകരമായി കൈകാര്യം ചെയ്തിട്ടുമുണ്ട്. സ്വാഭാവികമായും 'സിംഹം' എന്ന ഒാമനപ്പേര് ചാർത്തിക്കിട്ടുകയും ചെയ്തു. രാംപൂർ സ്വദേശിനിയായ ആറുവയസ്സുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. ഒടുവിൽ അവളുടെ മൃതദേഹം കണ്ടുകിട്ടി. കുട്ടിയുടെ അയൽവാസിയായ നാസിൽ ആണ് പ്രതിയെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായതോടെ പൊലീസ് അവിടേയ്ക്കു കുതിച്ചു.

പൊലീസിനെ കണ്ട പ്രതി അവരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.പക്ഷേ പൊലീസ് പടയുടെ മുൻഭാഗത്തുതന്നെ അജയ് ഉണ്ടായിരുന്നു.ആ എൻകൗണ്ടർ സ്പെഷലിസ്റ്റിൻ്റെ കരങ്ങൾ വിറച്ചില്ല. ഉന്നം പിഴച്ചതുമില്ല ! ഇരുകാലിലും വെടിയേറ്റ് നിലത്തുവീണ പ്രതിയെ പൊലീസ് കൈയ്യോടെ പിടികൂടി. റേപ്പ് എന്ന ക്രൈമിനോട് അല്പം പോലും സഹിഷ്ണുതയില്ല. പിഞ്ചുകുട്ടികൾ പോലും ആക്രമിക്കപ്പെടുന്ന രാജ്യമാണിത്. പെൺകുട്ടികൾ മാത്രമല്ല,ആൺകുട്ടികളും കാമവെറിയുടെ ഇരകളാകുന്നു. ദളിതർക്കുനേരെ എെഡൻ്റിറ്റിയുടെ പേരിൽ അഴിച്ചുവിടുന്ന ആക്രമണങ്ങൾ ഇതിനുപുറമെയാണ്. കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. പക്ഷേ കളിച്ചും ചിരിച്ചും ജീവിക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരോട് സഹാനുഭൂതി കാണിക്കാൻ മാത്രം ഹൃദയവിശാലത എനിക്കില്ല. അതുകൊണ്ട് അജയ് എന്ന ഒാഫീസറെ ഞാൻ അഭിനന്ദിക്കുകയേയുള്ളൂ.

അജയിൻ്റെ സഹോദരൻ അമിത്പാൽ ശർമ്മ ഐഎ.എസ് ഒാഫീസറാണ്. മക്കൾ ഐ.പി.എസും ഐ.എ.എസും നേടണം എന്നത് അവരുടെ അച്ഛന്റെ ആഗ്രഹമായിരുന്നു. പിതാവിന്റെ
മോഹം നിറവേറ്റിയ മകനാണ് അജയ്. ഇപ്പോൾ മറ്റൊരു അച്ഛൻ്റെ ഹീറോയാണ് അജയ്. ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ പിതാവിന് ഇപ്പോൾ അജയ് ദൈവത്തിനു സമമായിരിക്കും. ഏറ്റവും പുതിയ എൻകൗണ്ടറിൻ്റെ പേരിൽ അജയിന് നിരവധി അവാർഡുകൾ ലഭിച്ചേക്കാം.പക്ഷേ മകൾ നഷ്ടപ്പെട്ട അച്ഛന്റെ ആദരവിനേക്കാൾ വലിയ ബഹുമതികളൊന്നും അജയിന് കിട്ടാനില്ല. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ് പൊലീസിന്റെ ചുമതല. പക്ഷേ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഈ തത്വത്തിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് പലരും നീതിയ്ക്കുവേണ്ടി മറ്റുവഴികൾ തേടിപ്പോകുന്നത്. നിയമപാലകർ സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്താൽ കുറ്റകൃത്യങ്ങൾ കുറയും. ഈ നാട്ടിൽ സമാധാനമുണ്ടാകും. മനുഷ്യരുടെ പല്ലുകൾ പരിശോധിക്കുന്ന ഡെൻ്റിസ്റ്റായിരുന്നു അജയ്. നരാധമൻമാരുടെ ദ്രംഷ്ടകൾ പറിച്ചെടുക്കുന്ന തൊഴിലാണ് ഇപ്പോൾ ചെയ്യുന്നത് ! ഇനിയും സത്യസന്ധമായി മുന്നോട്ടുപോകാൻ സാധിക്കട്ടെ...