ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. പാസ്പോർട്ട് സേവാ ദിവസത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രഖ്യാപനം. മികച്ച പാസ്പോർട്ട് വെരിഫിക്കേഷന് കേരള പൊലീസിനും പാസ്പോർട്ട് വിതരണത്തിന് കൊച്ചി പാസ്പോർട്ട് ഓഫിസിനും പുരസ്ക്കാരം ലഭിച്ചു.
ഒന്നേകാൽ കോടി പാസ്പ്പോർട്ടുകളാണ് ഒരു വർഷത്തിനുള്ളിൽ വിതരണം ചെയ്തത്. നിലവിൽ പാസ്പ്പോർട്ട് വിതരണത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിലാണ് ഇന്ത്യ. ഒരു വർഷത്തിനുള്ളിൽ ഇത് മറികടക്കുകയാണ് ലക്ഷ്യം. ജനങ്ങൾക്ക് സഹായകമായ പാസ്പോർട്ട് സേവാ ആപ്പ് പോലെയുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കും.
സാങ്കേതികവിദ്യ ഉപയോഗിച്ച് വേരിഫിക്കേഷന്റെ ദിവസങ്ങൾ കുറയ്ക്കാനായതാണ് അവാർഡിന് അർഹമാക്കിയതെന്ന് കേരള പൊലീസിനെ പ്രതിനിധീകരിച്ചെത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ വ്യക്തമാക്കി.രണ്ടാമത്തെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി പാസ്പോർട്ട് കേന്ദ്രത്തിന് ലഭിച്ചു.വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ അസിസ്റ്റന്റുമാരും വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡിന് അർഹരായി.