sidhartha-01-08

വി.ജി സിദ്ധാർഥയുടെ വിയോഗം ലോകം മുഴുവൻ അറിഞ്ഞു. എന്നാൽ ഏക മകൻ പോയതറിയാതെ രോഗ കിടക്കയിലാണ്  വി.ജി. സിദ്ധാർഥയുടെ പിതാവ് ഗംഗയ്യ. ഗംഗയ്യയുടെയും വാസന്തി ഹെഡ്ജയുടെയും ഏകമകനാണ് സിദ്ധാർഥ. വിവാഹം കഴിഞ്ഞ് ഒരുപാട് പ്രാർഥനകൾക്കും ചികിത്സയ്ക്കും ശേഷമാണ് സിദ്ധാർഥ ജനിച്ചത്. ചിക്കമംഗ്ലൂർ എന്ന ചെറിയ ഗ്രാമത്തിലെ കാപ്പിയെ ലോകം മുഴുവൻ ഈ മകൻ പ്രസിദ്ധനാക്കി.

 

രാജ്യം മുഴുവൻ ഈ വിയോഗത്തിൽ വേദനിക്കുമ്പോൾ രോഗത്തോട് മല്ലടിക്കുകയാണ് സിദ്ധാർഥയുടെ 96 വയസുള്ള പിതാവ്. കോമ അവസ്ഥയിലാണ് അദ്ദേഹമെന്ന് അടുത്ത ബന്ധുക്കളും ആശുപത്രിവൃത്തങ്ങളും അറിയിച്ചു. മരണത്തിന് മൂന്ന് ദിവസം മുൻപാണ് സിദ്ധാർഥ അച്ഛനെ കാണാൻ എത്തിയത്. അച്ഛന്റെ കിടക്കയ്ക്ക് അരികിൽ ഏറെ നേരമിരുന്ന് സിദ്ധാർഥ തേങ്ങികരഞ്ഞതായി ബന്ധുക്കൾ പറയുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം 15 ദിവസം മുൻപാണ് ഗംഗയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

 

ഞാൻ ഇനിയും വരും എന്ന് വാക്ക് നൽകിയാണ് അദ്ദേഹം മടങ്ങിയത്. എന്നാൽ ഇത് അവസാനവരവായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രിയപ്പെട്ടവർ ഓർത്തെടുത്തു. 

 

സിദ്ധാർഥ ജീവിതത്തിലുടനീളം പാലിച്ചിരുന്നത് അച്ഛൻ പഠിപ്പിച്ച ആദർശങ്ങളാണ്. എന്നും മാതാപിതാക്കളെ അഭിമാനം കൊള്ളിച്ച മകനായിരുന്നു സിദ്ധാർഥ. കോമയിലുള്ള അവസ്ഥ ഒരുതരത്തിൽ പിതാവിന് അനുഗ്രഹമാണെന്നും ആറ്റുനോറ്റുണ്ടായ മകന്റെ വിയോഗം അദ്ദേഹത്തെ എത്രമാത്രം തളർത്തുമെന്ന് പറയാനാകില്ലെന്നും ബന്ധുക്കൾ പറഞ്ഞു.