chennia-railway

ദക്ഷിണ റയില്‍വേയില്‍ കേരളത്തിനു പുറത്തു ജോലി ചെയ്യുന്ന 2500ല്‍ അധികം  മലയാളികള്‍ക്ക്  നാട്ടില്‍ ജോലി ചെയ്യാനുള്ള വഴി തെളിയുന്നു. ഗ്രൂപ്പ് ഡി തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ സ്ഥലമാറ്റ അപേക്ഷ അനുവദിക്കാന്‍ ദക്ഷിണ റയില്‍വേ തീരുമാനിച്ചു. ഉത്തരവ് രണ്ടാഴ്ച്ചക്കുള്ളില്‍ പുറത്തിറങ്ങും.

ദക്ഷിണ റയില്‍വേയില്‍ കേരളത്തിനു പുറത്തു ജോലി ചെയ്യുന്ന മലയാളികള്‍ക്കു ഇത്തവണ പൊന്നോണമാണ്.കാലങ്ങളായി മുടങ്ങികിടക്കുന്ന കേരളത്തിലെ ഡിവിഷനുകളിലേക്കുള്ള സ്ഥലമാറ്റത്തിന് റയില്‍വേ തത്വത്തില്‍ അനുമതി നല്‍കി. കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നൈയില്‍  അംഗീകൃത തൊഴിലാളി യൂണിയനുമായി ജനറല്‍ മനേജര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം അംഗീകരിച്ചിരുന്നു. 2549 പേരാണ് നിലവില്‍ കേരളത്തിലേക്കു സ്ഥലമാറ്റത്തിനു അപേക്ഷ നല്‍കിയിരിക്കുന്നത്. 2979 ഒഴിവുകളുള്ളതിനാല്‍ മുഴുവന്‍ പേര്‍ക്കും സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള അവസരമാണ് ഇതുവഴിയുണ്ടാകുക

പഴയ ഗ്രൂപ്പ് ഡി തസ്തകളില്‍പെട്ട ട്രാക്ക് മാന്‍ ,ഹെല്‍പര്‍  തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്കാണ്  പുതിയ ഉത്തരവിന്റെ ഗുണം ലഭിക്കുക. നിലവില്‍ സ്ഥലമാറ്റത്തിനു അപേക്ഷ നല്‍കിയവര്‍ക്കു മാത്രമേ ഉത്തരവിന്റെ ഗുണം ലഭിക്കു. ചെന്നൈ അടക്കമുള്ള ഡിവിഷനുകളില്‍ സ്ഥലമാറ്റ അപേക്ഷ സ്വീകരിക്കുന്നത് തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.