jio-ads-new

ജിയോ വന്നതോടെ ആകെ മാറ്റമാണ് രാജ്യത്തെ ടെലികോം മേഖലയിൽ. ഇപ്പോഴിതാ വരിക്കാരുടെ കൊഴിഞ്ഞുപോക്കിൽ പകച്ചിരിക്കുകയാണ് മറ്റു കമ്പനികൾ. ട്രായിയുടെ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോ മാത്രമാണ്.ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 49.56 ലക്ഷം വരിക്കാരെയാണ്. ഭാർതി എയർടെല്ലിന് 5.61 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ജിയോയ്ക്ക് ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല. എന്നാൽ മറ്റു നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കാനുളള ജിയോയുടെ തീരുമാനത്തിനെതിരെ വരിക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് വരും റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിച്ചേക്കും.

ഐഡിയ–വോഡഫോൺ, എയർടെൽ, ബിഎസ്‌എൻഎൽ, ടാറ്റ ടെലി തുടങ്ങി കമ്പനികൾക്കാണ് വൻ തിരിച്ചടി നേരിട്ടത്. അതേസമയം, ഓഗസ്റ്റിൽ ജിയോയ്ക്ക് ലഭിച്ചത് 84.45 ലക്ഷം അധിക വരിക്കാരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 49.56 ലക്ഷം വരിക്കാരെയുമാണ്. ഓഗസ്റ്റ് മാസത്തിൽ ബിഎസ്എൻഎല്ലിന് നഷ്ടമായത് 2.15 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തം വരിക്കാർ 11.62 കോടിയായി.