delhi-police-gun

ജാമിയ മിലിയ വിദ്യാർഥികൾക്ക് നേരെ വെടിവെച്ച സംഭവം രാജ്യത്തെ നടുക്കുമ്പോൾ ആ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ മനോരമ ന്യൂസ് ക്യാമറാമാൻ സനിൽ ഇക്ബാൽ അനുഭവം കുറിക്കുന്നു: 

ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് ഏറെ തിരക്കുള്ള ദിവസമാണ് ഇന്ന്. മഹാത്മഗാന്ധിയുടെ ചരമവാർഷിക ദിനം. അതിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങൾ. അങ്ങനെ തിരക്കുകളേറെ. പ്രതിഷേധങ്ങളെ വലിയ തരത്തിൽ തിരിച്ചുവിട്ട ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ ഉച്ചയോടെ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഞാനും റിപ്പോർട്ടർ ഹരിതാ മുകുന്ദനും ജാമിയ മിലിയയിൽ എത്തുന്നത്. 

വളരെ സമാധാനപരമായി മുദ്രാവാക്യം വിളിച്ചാണ് വിദ്യാർഥികൾ എത്തിയത്. പ്രസിദ്ധമായ ആസാദി മുദ്രാവാക്യം വിളിച്ചെത്തുന്ന അവരുടെ ദൃശ്യങ്ങൾ സമീപത്ത് തന്നെ നിന്ന് പകർത്തുകയായിരുന്നു ഞാൻ. ‘എവിടെ ഞങ്ങളുടെ സ്വാതന്ത്ര്യം..’ എന്ന് ഉറക്കെ വിളിച്ചാണ് വിദ്യാർഥികൾ വരുന്നത്. പൊലീസ്, ബാരിക്കേഡിന് മുന്നിൽ സന്നാഹങ്ങളുമായി നിലയുറപ്പിച്ചിരുന്നു. ഒരു വഴി മാത്രമുള്ള ഗതാഗതം മുൻപ് തന്നെ തടഞ്ഞിരുന്നു. മാർച്ച് പൊലീസിനോട് അടുത്ത് വന്നപ്പോഴാണ് ഒരു യുവാവ് മെട്രോയുടെ തൂണിന്റെ വശത്ത് നിന്നും ഓടിയെത്തുന്നത്.

വളരെ അവിചാരിതമായിരുന്നു ഇത്. ഞാൻ പതിയെ ക്യാമറ അയാളിലേക്ക് മാറ്റി. എന്തെക്കൊയോ വിളിച്ചു പറഞ്ഞായിരുന്നു യുവാവ് എത്തിയത്. പെട്ടെന്ന് ഇയാൾ തോക്കെടുത്തു. പിന്നീട് വിദ്യാർഥികൾക്ക് നേരെ കൊലവിളി. എന്നെ അമ്പരപ്പിച്ച കാര്യം വൻ പൊലീസ് സന്നാഹം കയ്യും കെട്ടി നോക്കിനിൽക്കുന്നതാണ്. ഒരാൾ തോക്കെടുത്ത് െകാലവിളി നടത്തിയിട്ടും ഒറ്റ ഉദ്യോഗസ്ഥൻ പോലും ഓടിയെത്തിയില്ല. അവർ ഇതു നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. 

ക്യാമറയുമായി ഇയാളെ കേന്ദ്രീകരിച്ച് പോകുമ്പോഴാണ് ഇയാൾ വെടിവെച്ചത്. ‘എവിടെ ഞങ്ങളുടെ സ്വാതന്ത്ര്യം..’ എന്ന് വിളിച്ചെത്തിയ വിദ്യാർഥികളോട്, ‘ഇതാ സ്വാതന്ത്ര്യം എടുത്തോളൂ..’ എന്ന് പറഞ്ഞാണ് ഇയാൾ വെടിവെച്ചത്. സമരത്തിന്റെ മുന്നിലുണ്ടായിരുന്ന വിദ്യാർഥിയുടെ കയ്യിലാണ് െവടിയേറ്റത്. വെടിവെച്ച് തിരിഞ്ഞു നടന്ന അക്രമിയെ ഒരു പൊലീസുകാരൻ എത്തിയാണ് കീഴ്പ്പെടുത്തിയത്. ഇത്ര അലക്ഷ്യമായി കാര്യങ്ങൾ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത് സത്യത്തിൽ അമ്പരപ്പിച്ചു. കയ്യിലേറ്റ വെടി ഒരാളുടെ നെഞ്ചിൽ ഏറ്റിരുന്നെങ്കിലോ..? അതും ഇൗ ദിവസം തന്നെ..? വിചിത്രമാണ് ഇവിടെ കാഴ്ചകൾ.. ഇവിടെ നടുക്കുന്നതും.