മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇതിനായി കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജ്മൽ അമീർ കസബ് ബെംഗളുരു സ്വദേശിയായ സമീർ ദിനേശ് ചൗധരി എന്ന പേരിൽ മരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും ഇയാളുടെ കൈത്തണ്ടയിൽ ചുവന്ന നൂല്‍ കെട്ടിയിരുന്നുവെന്നും മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയ പറയുന്നു.
ലെറ്റ് മീ സേ ഇറ്റ് നൗ എന്ന തന്റെ പുസ്തകത്തിലാണ് മരിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തെ ഒരു 'ഹിന്ദു തീവ്രവാദ'മായി ചിത്രീകരിക്കാനാണ് ലഷ്കർ തീവ്രവാദ സംഘടന ശ്രമിച്ചത്. ഇത് ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മൂംബൈയിൾ മുംബൈയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും പത്രങ്ങളിൽ വരേണ്ടിയിരുന്നത്. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം കസബിന്റെ ബെംഗളുരുള്ള കുടുംബത്തെയും അയൽവാസികളെയും പറ്റി വാർത്തകൾ കൊടുക്കേണ്ടി വന്നേനെ. എന്നാൽ ആ പദ്ധതി നടപ്പായില്ലെന്നും മരിയ പറയുന്നു.
ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികള്‍ കൈവശം വച്ചിരുന്നതായി മുന്‍പ് റിപ്പോർട്ട് ചെയ്തിരുന്നു. കസബിന്റെ കയ്യിലും കാർഡ് ഉണ്ടായിരുന്നു. ജിഹാദിയെ കുറിച്ച് അറിഞ്ഞുകൊണ്ടല്ല കവർച്ച നടത്താനാണ് കസബ് ലഷ്കറിനൊപ്പം ചേർന്നത്. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി കസബും സുഹൃത്ത് മുസാഫുർ ഖാനും ഇതിലേക്ക് വരികയായിരുന്നു.
ഇന്ത്യയിൽ മുസ്‍ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ലോക്കപ്പിൽ കിടന്നപ്പോള്‍ താൻ പുറത്തു നിന്നും അഞ്ചുനേരം കേട്ട ബാങ്ക് വിളി വെറും തോന്നലാണെന്നായിരുന്നു കസബ് കരുതിയിരുന്നത്. ഇത് മനസ്സിലാക്കിയ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലിനോട് കസബിനെ പൊലീസ് വാഹനത്തിൽ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്‍ലീം പള്ളിയില്‍ കൊണ്ടുപോകാൻ പറഞ്ഞു. അവിടെ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മീഷണർ പുസ്തകത്തിൽ പറയുന്നു.