hindu-web

ഇന്ത്യയിലും പുറത്തും കൊറോണ വൈറസ് വൻ ആശങ്ക പരത്തുന്നതിനിടെ വൈറസ് വ്യാപനം കുറയ്ക്കുവാന്‍ വേണ്ടി പുതിയ മാർഗവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിന്ദു മഹാസഭ. വൈറസ് വ്യാപനത്തിന് തടയിടാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യം പ്രസിഡന്റ് ചക്രപാണി മഹാരാജ് ആണ് അറിയിച്ചത്. ഗോമൂത്രവും ചാണക കേക്കും ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചെന്നും, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ആളുകളെ അറിയിക്കും.

പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും. ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും. ഡല്‍ഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം പാര്‍ട്ടികള്‍ നടക്കും. ഏതായാലും കൊറോണയെ പടിക്ക് പുറത്താക്കാൻ മാർഗങ്ങൾ തേടി ലോക രാഷ്ട്രങ്ങളെല്ലാം നിതാന്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പുതിയ കണ്ടെത്തലുകളുമായെത്തിയിരിക്കുന്നത്.

ഇതിനിടെ, രാജ്യത്ത് 15 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  ഡല്‍ഹിയിലുളള 15 ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.   ഡല്‍ഹി എയിംസില്‍ നടത്തിയ  സാംപിളുകളുടെ പരിശോധനഫലം പോസിറ്റീവായി.   രോഗബാധിതര്‍ ഐ.ടി.ബി.പി ക്യാംപിലെ ഐസൊലേഷന്‍ വാര്‍ഡിലാണുളളത്.   ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍   ഉന്നതതല യോഗം വിളിച്ചു.