vidhya-veerappan

കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വനം കൊള്ളക്കാരൻ വീരപ്പൻ‌ ഇപ്പോഴും തെന്നിന്ത്യയിൽ സജീവചർച്ചയാണ്. ഒരു വിഭാഗം ജനതയ്ക്കിടയിൽ ഇതിഹാസ മാനമുള്ള വ്യക്തിയായി വീരപ്പൻ ഇപ്പോഴും തുടരുന്നു എന്നതും ഒരു സത്യമാണ്. ഇതിന് പിന്നാലെ തമിഴ്നാട് ബിജെപി യുവജനവിഭാഗത്തിന്റെ നേതൃനിരയിലേക്കാണ് വീരപ്പന്റെ മകൾ എത്തിയിരിക്കുന്നത്. പാർട്ടി യുവജനസംഘടന വൈസ് പ്രസിഡന്റായിട്ടാണ് വിദ്യയുടെ നിയമനം. 

അച്ഛനുമൊന്നിച്ചുള്ള ഓർമകൾ ഒരുപാടില്ലെന്ന് വിദ്യ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.‘ അച്ഛന് രാഷ്ട്രീയത്തോട് താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹം വാണിയാർ സമൂഹത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തു. കർണാടകയിൽ വനത്തിനോട് ചേർന്നുള്ള മുത്തച്ഛന്റെ വീട്ടിൽ താമസിക്കുമ്പോൾ അച്ഛൻ എന്നെ കാണാൻ വന്നിട്ടുണ്ട്. അന്ന് ആറോ ഏഴോ വയസാണ് എന്റെ പ്രായം. കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് അച്ഛൻ വന്നത്. കുറച്ച് സമയം വീട്ടിൽ നിന്നു. എന്നെ അടുത്തുവിളിച്ച്, നന്നായി പഠിക്കണം, നല്ലത് ചെയ്യണം, പഠിച്ച് ഒരു ഡോക്ടറാവണം. കഷ്ടപ്പെടുന്നവരെ സേവിക്കണം.. ഇതാണ് അച്ഛൻ എന്നോട് പറഞ്ഞത്.’ വിദ്യ പറയുന്നു.

കുട്ടികൾക്കുള്ള സ്കൂൾ നടത്തി വന്ന നിയമ ബിരുദധാരിയായ വിദ്യ മാസങ്ങൾക്ക് മുൻപാണ് ബിജെപിയിൽ അംഗത്വം എടുത്തത്. കഴിഞ്ഞയാഴ്ച വിദ്യയെ പാർട്ടി സംസ്ഥാന നേതൃനിരയിലേക്കും എത്തിച്ചിരിക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ഉൾപ്പെട്ട പിഎംകെയുടെ ഘടകകക്ഷിയായ തമിഴക വാഴ്വ്മുറൈ കക്ഷി അംഗമാണ് വിദ്യയുടെ അമ്മ മുത്തുലക്ഷ്മി.

കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് വലിയ തലവവേദനയായിരുന്ന വീരപ്പനെ 2004 ൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക ദൗത്യസേന വെടുവെച്ച് കൊല്ലുകയായിരുന്നു.