കർണാടക പൊലീസിലെ സിങ്കം എന്ന് വിശേഷിപ്പിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കെ.അണ്ണാമലൈ ബിജെപിയിൽ അംഗമായി. 2019ൽ ജോലിയിൽ നിന്നും സ്വയം വിരമിച്ച ശേഷം പൊതുജന സേവനത്തിലാണ് താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ ഏറെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒൻപതുവർഷം കർണാടക പൊലീസ് സേനയിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ. മുഖം നോക്കാതെ നടപടിയെടുക്കുന്ന അദ്ദേഹത്തെ സിങ്കം എന്നാണ് വിളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്കായി മൽസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെക്കുറിച്ച് തമിഴ്നാട്ടില്‍ വലിയ രീതിയിലാണ് തെറ്റിധാരണയുള്ളത്. ബിജെപിയില്‍ മാത്രമാണ് സ്വജനപക്ഷപാതമില്ലാത്തതെന്നും അണ്ണാമലൈ പറയുന്നു.