അയോധ്യയിൽ രാമക്ഷേത്ര നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തെ തന്നെ വലിയ ക്ഷേത്രങ്ങളിൽ ഒന്നായി രാമക്ഷേത്രം മാറുമ്പോൾ അയോധ്യയുടെ മുഖം തന്നെ മാറ്റാനുള്ള പദ്ധതികളാണ് തയാറാകുന്നത്. അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ പേരും നിർദേശിച്ചു കഴിഞ്ഞു. ‘മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം’ എന്നാണ് യോഗി സർക്കാർ നിർദേശിച്ച പേര്. ഈ നിർദേശം കേന്ദ്രസർക്കാരിന് നൽകുകയും ചെയ്തു.
രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ വിമാനത്താവളവും സജ്ജമാകും. ഇതിനൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ വന്നുകഴിഞ്ഞാൽ തീർഥാടകരുടെ മാത്രമല്ല വിനോദ സഞ്ചാരികളുടെ വരവും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ടൂറിസ്റ്റുകൾക്ക് നഗരം കാണാൻ കഴിയുന്ന 2-3 ദിവസത്തെ വിപുലമായ ടൂറുകളും പാക്കേജുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പല ടൂർ ഓപ്പറേറ്റർമാരും. നിലവിൽ ഹോട്ടലുകളുടെ അഭാവം കാരണം, ഒരു ദിവസത്തിൽ കൂടുതൽ വിനോദ സഞ്ചാരികൾക്ക് അയോധ്യയിൽ തങ്ങാനാകുന്നില്ല. പഞ്ചനക്ഷത്ര ഹോട്ടലുകൾ വരുന്നതോടെ അതിന് മാറ്റം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആത്മീയ, തീർഥാടന യാത്രകളാണ് ഇന്ത്യയുടെ ടൂറിസം രംഗത്തിന് ഏറ്റവും വരുമാനം നൽകുന്നത്. അയോധ്യയിൽ തീർഥാടകരുടെ വരവു വർധിക്കുമെന്നു പ്രതീക്ഷിക്കുമ്പോൾത്തന്നെ, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളുടെ വരവും വർധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭരണകൂടവും.