actress-shatabdi

ബിജെപി പാളയത്തിലേക്ക് ബീർഭുമിൽ നിന്നുള്ള എംപിയും നടിയുമായ ശതാബ്ദി റോയെ എത്തിക്കാനുള്ള നീക്കത്തിന് തടയിട്ട് മമത ബാനർജി. ശതാബ്ദിക്ക് നിർണായക പദവി നൽകിയായിരുന്നു ആ നീക്കം. പാർട്ടിയുടെ ജനകീയ മുഖമായ ശതാബ്ദിയെ ബംഗാൾ ഘടകത്തിന്റെ ഉപാധ്യക്ഷയായി ആണ് നിയമിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ ബിജെപി ശ്രമങ്ങളിൽ ശതാബ്ദിയും ഭാഗമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. തന്റെ മണ്ഡലത്തിലെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാത്തതിൽ ശതാബ്ദിക്കു മാനസിക പ്രയാസമുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ശനിയാഴ്ച ഡൽഹിയിലേക്ക് പോകുമെന്നും സൂചനയുണ്ടായിരുന്നു. അതിനിടെയിലാണ് ഇത്തരത്തിലുള്ള നീക്കം. പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരിശ്രമിക്കുമെന്നും ശതാബ്ദി പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് മമത ശതാബ്ദിയുമായി കൂടിക്കാഴ്ച നടത്തിയത്. ‘ഞാൻ തൃണമൂലിനൊപ്പമാണ്. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. രാഷ്ട്രീയത്തിലേക്കു വന്നത് മമതയ്ക്കു വേണ്ടിയാണ്. ഞാൻ അവരോടൊപ്പമുണ്ട്’– ശതാബ്ദി പറഞ്ഞു.