bjp-congress-flag-new

രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് മുൻപ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ രാജ്യത്തെ തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴി ലഭിച്ച സംഭാവനകളുടെ കണക്കിലും ബിജെപി ബഹുദൂരം മുന്നിലാണ്. 2019–20 കാലഘട്ടത്തിൽ 76 ശതമാനം സംഭാവനകളും ലഭിച്ചത് ബിജെപിക്കാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ബിജെപിക്ക് 276.45 കോടി രൂപമാണ് ട്രസ്റ്റ് വഴി ലഭിച്ചത്. കണക്കുകൾ പ്രകാരം കോർപ്പറേറ്റുകൾ നൽകുന്ന ട്രസ്റ്റ് സംഭാവനയുടെ 76.17 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ 58 കോടി രൂപയാണ്. ആം ആദ്മി പാർട്ടിക്ക് 11.2 കോടി, സമാജ്​വാദി പാർട്ടിക്ക് 2 കോടി രൂപ, ജനതാദൾ യുണൈറ്റഡിന് 1.25 കോടി എന്നിവരാണ് മറ്റ് പ്രധാന പാർട്ടികൾ. ബിജെപി ഒഴികെയുള്ള 13 രാഷ്ട്രീയ പാർട്ടികൾക്കായി ലഭിച്ചത് (23 ശതമാനം) 83.4652 കോടി രൂപയാണ്.പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റ് ആണ് സംഭാവന നൽകുന്നവരിൽ മുന്നിൽ. 217.75 കോടി രൂപയാണ് നൽകിയത്. കോർപറേറ്റ് കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾ സുതാര്യമാക്കാനായി രൂപീകരിച്ച സംവിധാനമാണ് ഇലക്ടോറൽ ട്രസ്റ്റ്.