ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിനു നികുതി ചുമത്തിയതു ചോദ്യം ചെയ്തു ഹര്‍ജി നല്‍കിയ നടന്‍ വിജയ്ക്കു കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും. വെറും റീലിലെ ഹീറോ ആകാതെ നികുതി അടച്ചു യഥാര്‍ഥ ജീവിതത്തിലെ നായകനാവണമന്നു കോടതി താരത്തോടു നിര്‍ദേശിച്ചു. നികുതിയൊടുക്കില്ലായെന്ന നിലപാട് ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കണക്കാക്കാമെന്നും മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നു
2012 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാഡംബര കാറിനു വിലയുടെ 20 ശതമാനം പ്രവേശന നികുതി ചുമത്തിയതാണു താരത്തെ ചൊടിപ്പിച്ചത്. ഇറക്കുമതി ചുങ്കം അടച്ചതിനാല്‍ മറ്റൊരു നികുതി നല്‍കാനാവില്ലെന്നു ദളപതി നിലപാടെടുത്തു. ഇതോടെ കാറിന്റെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാവില്ലെന്നു ചെന്നൈയിലെ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.എസ്. സുബ്രമണ്യന്‍ ഹര്‍ജിയിലെ ഓരോ വരികളും കീറിമുറിച്ചു വിമര്‍ശനമുയര്‍ത്തി.
പരാതിക്കാരന്റെ ജോലി ഏന്താണന്നു പോലും ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അഭിഭാഷകന്‍ അറിയിച്ചപ്പോഴാണു നടന്‍ വിജയിയുടെ ഹര്‍ജിയാണെന്ന് അറിഞ്ഞതെന്നു ജഡ്ജി പറയുന്നു. നികുതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. നിയമപരമായ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിജയിയെ പോലുള്ളയാള്‍ കോടതിയെ സമീപിച്ചത് അംഗീകരിക്കാനാവില്ല. ലക്ഷക്കണക്കിനു ആരാധകരുള്ള നടനാണു വിജയ്. റീലിലെ മാത്രം ഹീറോ ആകാതെ, നികുതിയടച്ചു യഥാര്‍ഥ ജീവിതത്തിലും വിജയ് നായകനാവണമെന്നും ജഡ്ജി പറഞ്ഞു.
കാറിന്‍റെ വിലയുടെ 20 ശതമാനം പ്രവേശന നികുതിയായി ഒടുക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.തെറ്റായ സന്ദേശം നല്‍കുന്ന ഹര്‍ജിക്ക് ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയില്‍ അടച്ചതിന്റെ രേഖകളും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. അതേ സമയം നികുതി ഇളവ് തേടിയല്ല കോടതിയിലെത്തിയതെന്നും തര്‍ക്ക പരിഹാരത്തിനു സമയമെടുക്കുന്നതു ചൂണ്ടികാണിക്കാനാണെന്നുമാണ് താരത്തോട് അടുപ്പമുള്ളവരുടെ വിശദീകരണം. 2012 ല്‍ ഫയല്‍ ചെയ്ത കേസില്‍ 9 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.