DANISH

പ്രശസ്ത മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ജാമിയ മിലിയ സർവകലാശാല ഖബറിസ്ഥാനിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു കബറടക്കം 

മനുഷ്യവസ്ഥയുടെ ചിത്രങ്ങൾ പകർത്താൻ ദുരന്തമുഖങ്ങളിൽ ഇനി ഡാനിഷ് സിദ്ദിഖിയില്ല. മാധ്യമ പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയ ജാമിയ സർവകലാശാലയിൽ ഡാനിഷിന് അന്ത്യവിശ്രമം. സാധാരണക്കാരുടെ ഉള്ളു തുറന്ന ചിത്രങ്ങൾ ഈ പോരാളിയുടെ അടയാളമായി ഇനി അവശേഷിക്കും.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കാബൂളിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിലെത്തിച്ചത്. രാത്രി എട്ടരയോടെ ജാമിയ നഗറിലെ വീട്ടിലെത്തിച്ച ഡാനിഷ് സിദ്ദിഖിയെ ഒരു നോക്ക് കാണാൻ നൂറ്‌ കണക്കിന് പേർ ഒത്തുകൂടി. കുടുംബംഗങ്ങളുടെ അന്തിമോപചാരത്തിനും മതപരമായ ചടങ്ങുകൾക്കും ശേഷം  ജാമിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ കബറടക്കി. പുലിട്സർ പുരസ്‌കാരം നേടിയ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറായിരുന്ന ഡാനിഷ് പകർത്തിയതിലേറെയും സംഘർഷ ഭൂമിയിലെ നിസ്സഹായവസ്ഥകളാണ് .അഫ്ഗാനിസ്ഥാനിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്  കഴിഞ്ഞ ദിവസം താലിബാൻ ആക്രമണത്തിൽ വെടിയേറ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. ലോകമറിയേണ്ട നിരവധി ഫ്രെയിമുകൾ ബാക്കി വെച്ചാണ് അഫ്ഗാനിസ്ഥാനിൽ ലോകം പുലർത്തുന്ന നിസംഗതയുടെ ഇരയായി ഡാനിഷ് യാത്രയാവുന്നത്.