തെന്മല: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ ആടുപോര് നടത്തിയ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയനല്ലൂർ കൃഷ്ണാപുരത്ത് ഇന്നലെ ആയിരുന്നു സംഭവം. കടയനല്ലൂർ മലയടിവാരത്തിൽ ആളൊഴിഞ്ഞ തോട്ടത്തിലാണ് പോര് നടത്തിയത്. ചെമ്മരിയാട് ഇനത്തിൽപെട്ട ആടുകളെ പരസ്പരം പോരടിപ്പിക്കുന്നതാണ് ആടുപോര്. വിവരമറിഞ്ഞെത്തിയ പൊലീസ് 6 പേരെ സംഭവസ്ഥലത്തു നിന്നുതന്നെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്കെതിരെ കേസെടുത്തു.
ആടുകളെ സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടുനൽകി. തെങ്കാശി ജില്ലയിലെ പല സ്ഥലത്തും ആടുപോര് സജീവമായതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കോഴിപ്പോരിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സർവസന്നാഹങ്ങളുമായാണ് പൊലീസ് എത്തിയത്. മൃഗങ്ങളെ ക്രൂരവിനോദത്തിനായി ഉപയോഗിച്ചതിനും പണം വച്ചുള്ള ചൂതാട്ടത്തിനുമാണ് കേസ്.
2 വയസ്സു മുതൽ പരിശീലനം
പോരിനുള്ള ആടിനെ 2 വയസ്സു മുതൽ പരിശീലിപ്പിച്ചു തുടങ്ങും. അഗസ്ത്യ ചീരയും കടലപ്പിണ്ണാക്കുമാണ് പ്രധാന ഭക്ഷണം. മുട്ട, പാൽ, എണ്ണ എന്നിവയും നൽകും. വലുപ്പവും വാശിയും മൂത്തെന്നു കണ്ടാൽ ഗോദയിലിറക്കും. പോരിൽ വിജയിക്കുന്ന ആടിന്റെ ഉടമയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയും സ്വർണവുമൊക്കെയാണു സമ്മാനം.
മനുഷ്യപ്പോരിൽഎത്തുന്ന വാശി
ആടുകൾ തമ്മിലുള്ള പോര് പലപ്പോഴും മനുഷ്യർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും നീങ്ങും. 2 ആടുകളുടെയും പക്ഷത്തുള്ള ആളുകൾ പരസ്പരം പന്തയം വയ്ക്കും. ജയിക്കുന്ന ആടിന്റെ ഭാഗത്തുള്ളവർക്കാണ് ഗോദയിലെത്തുന്ന എല്ലാ പണവും. ജയപരാജയങ്ങളെക്കുറിച്ചുള്ള തർക്കവും ആളുകൾ തമ്മിലുള്ള പോരിനു വഴിവയ്ക്കാറുണ്ട്.