shah-yogi-modi

നിങ്ങൾക്ക് 2024ൽ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി ആയി കാണണമെങ്കിൽ നിങ്ങൾ 2022ൽ യോഗിയെ മുഖ്യമന്ത്രി ആയി വീണ്ടും വിജയിപ്പിക്കണമെന്ന് യുപി ജനങ്ങളോട് ആഭ്യന്തര മന്ത്രി അമിത്ഷാ.  ഉത്തർപ്രദേശിനെ മാഫിയ മുക്തമാക്കിയതിന് പിന്നിൽ യോഗിയാണെന്നും ഷാ വാഴ്ത്തി. യുപി വികസിക്കാതെ രാജ്യം വികസിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

2022 യു.പി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടച്ചൂടുയര്‍ത്തുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എെഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 90 ശതമാനവും യോഗി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അമിത് ഷാ ലക്നൗവില്‍ പറഞ്ഞു. ലളിത്പുരില്‍ കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിച്ച പ്രിയങ്ക കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. 

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും ഒരുക്കങ്ങള്‍ വിലയിരുത്താനും യുപിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ബിജെപി അംഗത്വവിതരണ പരിപാടിക്ക് തുടക്കമിട്ടു. 300 സീറ്റിലധികം നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞു. ശ്രീരാമ ഭക്തരെ സമാജ്‍വാദി പാര്‍ട്ടി സര്‍ക്കാര്‍ വെടിയുണ്ടകൊണ്ട് നേരിട്ടു. ബിജെപി സര്‍ക്കാര്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കി. യുപിയില്‍ ഗുണ്ടാവാഴ്ച്ചയ്ക്ക് അന്ത്യമായെന്നും അമിത് ഷാ പറഞ്ഞു. 

ഒന്നരക്കോടി പേരെ പുതിയതായി ബിജെപിയിലെത്തിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന സംഘടനാഭാരവാഹികളുടെ യോഗത്തില്‍ പ്രചാരണതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കും. ആഭ്യന്തര സര്‍വേയുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ പ്രകടനം വിലയിരുത്തി ആര്‍ക്കെല്ലാം വീണ്ടും മല്‍സരിക്കാന്‍ അവസരം നല്‍കണമെന്ന് തീരുമാനിക്കും. സിറ്റിങ് എംഎല്‍എമാരില്‍ വലിയൊരുവിഭാഗത്തിന് ടിക്കറ്റ് ലഭിക്കാനിടയില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാസവളം വാങ്ങാന്‍ വരിനിന്ന് തളര്‍ന്നുവീണു മരിച്ച നാല് കര്‍ഷകരുടെ കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ലെന്നും അവരെ വാഹനം കയറ്റി കൊലപ്പെടുത്തുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രതിജ്ഞ യാത്രയുടെ ഭാഗമായി നേരത്തെ കര്‍ഷക സ്ത്രീകളെ പ്രിയങ്ക കണ്ടിരുന്നു.