കനത്ത മഴ ചെന്നൈയെ പ്രതിസന്ധിയിലാക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾക്ക് നൽകുന്നതിന് അപ്പുറം ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനമാണ് തമിഴ്നാട് സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം നേരിട്ടെത്തി മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതാണ് കാഴ്ച. പിന്നാലെ അച്ഛന്റെ വഴിയേ തന്നെ മകനും സജീവമാവുകയാണ്. വെള്ളം കയറിയ വീടുകളിലേക്കും നഗരങ്ങളിലേക്കും എത്തി നേരിട്ട് രക്ഷാ ദൗത്യം നടത്തുകയാണ് സ്റ്റാലിന്റെ മകനും നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ. വെള്ളം കയറിയ വീട്ടിലേക്ക് എത്തിയ അദ്ദേഹത്തിന്റെ കൈപിടിച്ച് നിൽക്കുന്ന ഒരു വയോധികന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവർത്തനങ്ങളിൽ അടക്കം ഉദയനിധി നിറയുകയാണ്. അടുത്ത് സ്റ്റാലിന്റെ പിൻഗാമി എന്ന നിലയിൽ ഇതിനോടം തമിഴ്നാട്ടിൽ സജീവമാണ് ഉദയനിധി.
2015ൽ ചെന്നൈയെ മുക്കിയ പ്രളയത്തിന്റെ ഓർമകളിലാണ് ഇപ്പോൾ തമിഴ് ജനത. അത്രമാത്രം മഴയാണ് ഇന്നലെ രാത്രി മുതൽ പെയ്യുന്നത്. ചെന്നൈയിലെ പല ഭാഗങ്ങളിലും ഇപ്പോൾ വെള്ളം കയറി.ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ടെത്തി രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും നേതൃത്വം നൽകുകയാണ്. മുട്ടൊപ്പം വെള്ളം കയറിയ സ്ഥലങ്ങളിലേക്ക് സ്റ്റാലിൻ നേരിട്ടെത്തി ജനങ്ങളോട് സംസാരിച്ചു. സർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും നടപടി ക്രമങ്ങളും വിശദീകരിച്ചു. കലക്ടർമാർക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.
ജലനിരപ്പ് ഉയർന്നതിനാൽ നഗരത്തിലെ 2 പ്രധാന തടാകങ്ങൾ തുറക്കാൻ ഒരുക്കം തുടങ്ങിയതോടെ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സുകളായ ചെമ്പരമ്പാക്കം, പുഴൽ ജലസംഭരണികളാണു തുറക്കുക. ഇതിനു മുന്നോടിയായി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ് കാഞ്ചീപുരം, തിരുവള്ളൂർ കലക്ടർമാർക്ക് നിർദേശം നൽകി.