stalin-tea-tn

കനത്ത മഴ ചെന്നൈ നഗരത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ സർക്കാർ നടത്തിയ സജീവ ഇടപെടലുകൾ ഇപ്പോഴും തുടരുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്ഥമാകുന്നത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ടെത്തി നടത്തുന്ന ചില കാര്യങ്ങളാണ്. മഴക്കെടുതി നാശം വിതച്ച സ്ഥലങ്ങളിലെ ജനങ്ങളെ നേരിട്ടെത്തി കണ്ട് അവരുമായി അടുത്ത് സംസാരിച്ച്, ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് സ്റ്റാലിൻ, സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പു െകാടുക്കുന്നത്. ഇന്ന് ചെങ്കൽപേട്ടിലെ  കീഴ്കോട്ടയ്യൂരിലെ ഒരു ചായക്കടയിലാണ് മുഖ്യമന്ത്രി എത്തിയത്. പ്രളയദുരിതം അനുഭവിക്കുന്ന സ്ത്രീകൾ കുട്ടികൾ എന്നിവർക്കൊപ്പമിരുന്ന് സ്റ്റാലിൻ ചായ കുടിച്ച് അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

 

മഴ മാറിയെങ്കിലും ചെന്നൈയിലും നഗരത്തിലും വെള്ളക്കെട്ട് ദുരിതം തുടരുകയാണ്. അറുന്നൂറിനടത്തു പമ്പുകള്‍ ഉപയോഗിച്ചു വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും ഇതുവരെ പൂര്‍ണമായി വിജയിച്ചിട്ടില്ല. അതിനിടെ മരം വീണു പരുക്കേറ്റ് ബോധം നഷ്ടമായ യുവാവിനെ സ്വന്തം ചുമലില്‍ താങ്ങി ആശുപത്രിയിലെത്തിച്ച പൊലീസ് ഇന്‍സ്പെക്ടറെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ആദരിച്ചു.

 

ഇന്നലെ വൈകീട്ട് മഴ മാറിയതുമുതല്‍ 570 മോട്ടറുകളാണ് വെള്ളം ഒഴുക്കിവിടാനായി പ്രവര്‍ത്തിക്കുന്നത്. 534 ഇടങ്ങളിലെ വെള്ളക്കെട്ടുകളില്‍ വെറും. 68 എണ്ണം മാത്രമേ ഇതുവരെ സാധാരണനിലയിലേക്കെത്തിയിട്ടൊള്ളൂ. വാണിജ്യകേന്ദ്രങ്ങളായ ടി.നഗര്‍ ഒ.എം.ആര്‍., ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്. പ്രധാനപ്പെട്ട സബ് വേകളെങ്കിലും േവഗത്തില്‍ തുറന്നു നല്‍കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. വെള്ളം കയറിയ കെ.കെ നഗറിലെ ഇഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ക്രോംപേട്ടിലെ ആശുപത്രിയിലെയും ടി.ബി ആശുപത്രിയിലെയും രോഗികളെ ഇന്നലെ വൈകീട്ടോടെ ഒഴിപ്പിച്ചു. ശുചീകരണം പൂര്‍ത്തിയാക്കിതിനുശേഷമെ ഇവ തുറക്കൂ.

 

ആന്തമാന്‍ ദ്വീപിനു സമീപം ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം.ഇതിന്റെ സഞ്ചാര ദിശ ഇതുവരെ വ്യക്തമായില്ലെങ്കിലും തമിഴ്നാടിന്റെ തീരത്തേക്ക് എത്തുമോയെന്ന ആശങ്ക ശക്തമാണ്. ചെന്നൈയ്ക്കു പുറമെ തമിഴ്നാട്ടിലാകെ വന്‍ നാശമാണ് മഴയുണ്ടാക്കിയത്. ഒന്നരലക്ഷം എക്കര്‍ കൃഷി നശിച്ചുവെന്നാണു കണക്ക്.കടലൂര്‍, വിഴുപ്പുറം,തിരുവാരൂര്‍,നാഗപട്ടണം, കാഞ്ചിപുരം,തെരുവെള്ളൂര്‍ തുടങ്ങിയ ജില്ലയിലാണ് നഷ്ടങ്ങളില്‍ ഏറെയും.