modi-new-car

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിലേക്കു വാങ്ങിയ പുതിയ മയ്ബാ കാറിന് പ്രചരിക്കുന്നതിന്റെ മൂന്നിലൊന്നു വിലയേ ഉള്ളൂവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതീവ സുരക്ഷാ സൗകര്യങ്ങളുള്ള കാറിന്റെ വില 12 കോടി രൂപയെന്നായിരുന്നു പ്രചാരണം. സുരക്ഷാഭീഷണിയുള്ള വിവിഐപിയുടെ വാഹനത്തിന്റെ വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നത് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

 

സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) നിബന്ധനകൾ പ്രകാരം വിവിഐപി വാഹനങ്ങൾ 6 വർഷത്തിലൊരിക്കൽ മാറ്റണം. പ്രധാനമന്ത്രി ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു കാർ 8 വർഷം പഴക്കമുള്ളതാണ്. ആ തരത്തിലുള്ള കാറിന്റെ ഉൽപാദനം കമ്പനി നിർത്തിയതുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയത്. എസ്പിജിയാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നത്. മോദി ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

മെഴ്സിഡീസിന്റെ കസ്റ്റമൈസ്ഡ് കാറായ മയ്ബാ എസ് 650 ആണ് പ്രധാനമന്ത്രിക്കായി വാങ്ങിയത്. വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും അതിജീവിക്കാനുള്ള ക്രമീകരണങ്ങൾ കാറിലുണ്ട്. വെടിയേറ്റാലും ഓടിക്കാവുന്ന ടയറുകൾ, വെടിയേൽക്കാത്ത ഇന്ധന ടാങ്ക് തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ സന്ദർശനവേളയിൽ മോദി ഈ കാറിലാണ് എത്തിയത്. ലാൻഡ് ക്രൂസർ, റേഞ്ച് റോവർ എന്നീ കാറുകളും വാഹനവ്യൂഹത്തിലുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന്റെ അതേ മാതൃകയിലുള്ള മറ്റൊരു വാഹനവും വാഹനവ്യൂഹത്തിലുണ്ടാകാറുണ്ട്. മൊബൈൽ, റിമോട്ട് ജാമർ അടക്കമുള്ള സംവിധാനങ്ങളും കൂട്ടത്തിലുണ്ട്.