studenthairwb

ക്ലാസിൽ ചൂളമടിച്ചെന്നാരോപിച്ച് പ്രധാനാധ്യാപിക വിദ്യാർത്ഥികളുടെ മുടി മുറിച്ചതായി പരാതി. കൊൽക്കത്തയിലെ ദക്ഷിണേശ്വറിനടുത്തുള്ള ഹൈസ്കൂളിലാണ് സംഭവം. ഒമ്പതാംക്ലാസിൽ പഠിക്കുന്ന 6 വിദ്യാർത്ഥികളുടെ മുടി മുറിച്ചതായാണ് പരാതി. അരിയാദഹ കലാചന്ദ് ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഇന്ദ്രാണി മജുംദാറിനെതിരെയാണ് രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകിയത്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പർ പറഞ്ഞു. 

ഫിസിക്കൽ സയൻസ് ക്ലാസിലാണ് വിദ്യാർത്ഥി ചൂളമടിച്ചതായി ആരോപണമുയർന്നത്. ആരാണ് ചൂളമടിച്ചതെന്ന ക്ലാസ് ടീച്ചറുടെ ചോദ്യത്തിനു മറുപടി കിട്ടാതായതോടെ സംശയമുള്ള ആറു കുട്ടികളെ  പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രധാനാധ്യാപികയുടെ ചോദ്യത്തിനും മറുപടി ഇല്ലാതായതോടെ കത്രികയെടുത്ത് ആറു കുട്ടികളുടെയും മുടി മുറിച്ചെന്നാണ് പരാതി.