ബ്രിട്ടീഷുകാർക്കെതിരായ ഏറ്റവും ഐതിഹാസികമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഒന്നാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ആ പോരാട്ടത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ് ഡൽഹിയിലെ ചെങ്കോട്ടയും ഹുമയൂണിന്റെ ശവകുടീരവും.
1648-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ 10 വർഷമെടുത്ത് ചുവന്ന കല്ലുകളാൽ തീർത്ത ചെങ്കോട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നിർണായ പ്രതീകമാണ്.1857 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ കലാപത്തിന്റെ മുഖമായി മാറിയ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര പോരാളികൾ തമ്പടിച്ചത് ചെങ്കോട്ടയിലായിരുന്നു.
തുടക്കത്തിൽ പതറിയെങ്കിലും ബ്രിട്ടീഷുകാർ ശക്തമായി തിരിച്ചടിച്ചു. 1857 സെപ്റ്റംബർ 20 ന് ബ്രിട്ടീഷുകാർ ഡൽഹി പിടിച്ചെടുത്തു. ചെങ്കോട്ട വീണതോടെ ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടം പരാജയത്തിൽ കലാശിച്ചു.
ഒപ്പമുള്ളവർ തന്നെ ഒറ്റുകൊടുത്തത്തോടെ മേജർ വില്യം ഹോഡ്‌സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം ഹുമയയൂണിൻറെ ശവകുടീരം വളഞ്ഞു. 1857 സെപ്റ്റംബർ 20-ന് ബഹദൂർ ഷാ സഫറിനെ പിടികൂടി . അടുത്ത ദിവസം, മക്കളായ മിർസ മുഗൾ , മിർസ ഖിസ്ർ സുൽത്താൻ , ചെറുമകൻ മിർസ അബു ബഖ്ത് എന്നിവരെ ഡൽഹി ഗേറ്റിന് സമീപമുള്ള ഖൂനി ദർവാസക്ക് മുന്നിൽ വെച്ച് കൊലപ്പെടുത്തി. മാനസികമായി തകർന്ന സഫറിനെ വിചാരണക്ക് ശേഷം 1858 ഒക്ടോബർ 7 ന് റംഗൂണിലേക്ക് നാടുകടത്തി. അവിടെവെച്ച് 1862ൽ ബഹദൂർ ഷാ സഫർ മരിച്ചു.