solar-village

ഗുജ്റാത്തിലെ മൊഡേര ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജജ ഗ്രാമമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂര്യക്ഷേത്രത്തിന് പേരുകേട്ട മൊഡേര ഗ്രമാത്തില്‍ സൗരോര്‍ജ്ജത്തില്‍ നിന്നുല്‍പാദിപ്പിക്കുന്ന വൈദ്യുതി 24 മണിക്കൂറും ലഭ്യമാകും. ഇതിനായി 1300 റൂഫ് ടോപ്പ് സോളാര്‍ പാനലുകളും ഒരു സോളാര്‍ പവര്‍ പ്ലാന്‍റുമാണ് ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 

സൂര്യക്ഷേത്രത്തിന്‍റെ മണ്ണായ മൊഡേര ഗ്രാമത്തിന് രാപ്പകലെന്ന് വ്യത്യസമില്ലാതെ സൂര്യന്‍ വെളിച്ചം നല്‍കും. 24 മണിക്കൂര് സൗരോര്‍ജജം ലഭ്യമാകുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമമായി ഗുജ്റാത്തിലെ മെഹ്സാന ജില്ലയിലെ ഈ ചെറു ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വൈദ്യതിക്കായി ജനം പണം നല്‍കുന്ന കാലം കഴിഞ്ഞെന്നും, ഇനിമുതല്‍ ആവശ്യമുള്ള വൈദ്യുതി ജനം സ്വയം ഉത്പാദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരും ഗുജ്റാത്ത് സര്‍ക്കാരും എണ്‍പത് കോടിയിലേറെ രൂപ ചിലവിട്ടാണ് ഗ്രാമത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ ഗ്രാമമാക്കി മാറ്റിയത്. ഇതിനായി പത്തേക്കര്‍ ഭൂമിയി ഒരു സൗരോര്‍ജ്ജ പ്ലാന്‍റും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുകളില്‍ 1300 സോളാര്‍ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ഒരു കിലോ വാട്ട് വൈദ്യതി ഉല്‍പാദിപ്പിക്കും. ഗ്രാമവാസികള്‍ക്ക് അറുപത് മുതല്‍ നൂറ് ശതമാനം വരെ വൈദ്യുതി ബില്‍ ലാഭിക്കാമെന്നതാണ് സര്‍ക്കാരിന്‍റെ അവകാശവാദം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 14,600 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.